നവതിയുടെ നിറവിൽ കുന്നത്തൂരിന്റെ അക്ഷരമുത്തശി
Sunday, June 18, 2017 9:22 AM IST
ശാസ്താംകോട്ട: ശുദ്ധജല തടാകക്കരയിൽ അറിവിന്റെ നിറദീപമായി നിലകൊള്ളുന്ന മുതുപിലാക്കാട് ഗവ.എൽവിഎൽപി സ്കൂൾ നവതി യുടെ നിറവിൽ.

1928ൽ അധ്യാപകനായിരുന്ന മുതുപിലാക്കാട് സ്വദേശി മങ്ങാട്ട് നാരായണപിള്ളയാണ് സ്കൂളിന്റെ സ്‌ഥാപകൻ. ഒരേക്കർ അൻപത് സെന്റിൽ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. 1940 സ്കൂൾ ഗവൺമെന്റിന് കൈമാറുകയായിരുന്നു. കൊല്ലം–തേനീ ദേശീയപാതയിൽ ഭരണിക്കാവിനുസമീപം ഊക്കൻമുക്ക് ജംഗ്ഷനിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

കുന്നത്തൂരിന്റെ അക്ഷര മുത്തശികളിലൊന്നുകൂടിയാണ് ഈ സ്കൂൾ. സർക്കാരിന്റെ നിയന്ത്രണത്തിൽ സ്കൂൾ എത്തിയതിനെ തുടർന്ന് അഭൂതപൂർവമായ വികസനമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.

നവതിയുടെ നിറവിൽ ആയിരങ്ങൾക്ക് ആത്മപ്രകാശം നൽകിയ ഈ സരസ്വതി ക്ഷേത്രം മുതുപിലാക്കാട് ഗ്രാമത്തിന്റെ വികാസപരിണാമങ്ങളിലേക്കു നൽകിയ സംഭാവന വിസ്മരിക്കാൻ കഴിയാത്തതാണ്.

ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലയിൽ പാഠ്യ–പാഠ്യേതരമേഖലയിൽ എക്കാലത്തും ഒന്നാംസ്‌ഥാനം നിലനിർത്താൻ മുതുപിലാക്കാട് സ്കൂളിന് കഴിയുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 462 കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലായി അധ്യയനത്തിനെത്തുന്നുണ്ട്.

ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കാനെത്തുന്നത്. സ്വകാര്യ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ആധുനിക കെട്ടിടങ്ങളും ഉയർന്ന അധ്യാപന നിലവാരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.

കോവൂർ കുഞ്ഞുമോൻ എംഎൽഎ യുടെ വികസനഫണ്ടിൽ നിന്നും കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ആദ്യമായി സ്കൂൾ ബസ് അനുവദിച്ചതും മുതുപിലാക്കാട് ഗവ.ലക്ഷ്മിവിലാസം സ്കൂളിനായിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എംപി അനുവദിച്ച 15 ലക്ഷം ഉപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ്മുറികൾ കുട്ടികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. നവതിയുടെ നിറവിൽ വളർച്ചയുടെ പടവുകളിലേക്ക് കുതിച്ചു ചാടുന്ന ഈ സ്കൂളിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് കുട്ടികളുടെ ആകാശവാണിയാണ്.

എല്ലാ ദിവസവും ഉച്ചയ്ക്ക 1.30 മുതൽ അരമണിക്കൂർ സമയമാണ് ആകാശവാണി പ്രവർത്തിക്കുന്നത്. ഈ സമയത്ത് ഓഫീസ് മുറിയിലെത്തി കുട്ടികൾക്ക് മൈക്കിലൂടെ കലാപരിപാടികൾ അവതരിപ്പിക്കാം. എല്ലാ ക്ലാസ്മുറികളിലും സ്‌ഥാപിച്ചിട്ടുള്ള ബോക്സുകൾ വഴി വിദ്യാർഥികളായ ശ്രോതാക്കൾക്ക് ഇത് ശ്രവിക്കാവുന്നതാണ്.

ക്ലാസ്റൂമുകളുടെ അപര്യാപ്തതയാണ് നവതിയുടെ നിറവിലും സ്കൂൾ നേരിടുന്ന വെല്ലുവിളിയെന്ന് പ്രഥമാധ്യാപകൻ ബി.സുന്ദരേശൻ പിള്ളയും എസ്എംസി വൈസ് ചെയർമാൻ രാജേഷ് വരവിളയും പറഞ്ഞു. മുതുപിലാക്കാട് ഗവ.എൽവിഎൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതിയാഘോഷത്തിന് ഇന്ന് 12ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് തിരികൊളുത്തും. ഇതോടൊപ്പം വായനാ വാരാഘോഷത്തിനും തുടക്കമാകും.

ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ്എംപി മുഖ്യ പ്രഭാഷണം നടത്തും. നവതിസന്ദേശം കെ.സോമപ്രസാദ് എംപിയും വായനാദിനസന്ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമടീച്ചറും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ ശങ്കരപ്പിള്ള, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ആനന്ദക്കുട്ടൻ എന്നിവർ പ്രസംഗിക്കും.