എരുത്തേമ്പതിയിൽ ആയിരം മഴക്കുഴികൾ നിർമിച്ച് ചിറ്റൂർ കോളജ് എൻഎസ്എസ്
ചിറ്റൂർ: സംസ്‌ഥാനത്തു ഏറ്റവുമധി കം ജലദൗർലഭ്യം അനുഭവിക്കുന്ന എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകൾക്ക് ആശ്വാസമായി ആയിരം മഴക്കുഴികൾ തീർത്ത് വളണ്ടിയർമാർ മാതൃകയായി. ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ സംരക്ഷണ പദ്ധതി, ചിറ്റൂർ കോളേജ് എൻ. എസ്. എസ്. യൂണിറ്റുകളുടെ ജല സംരക്ഷണ പദ്ധതി ജലായനം എന്നീ പദ്ധതികളുടെ കീഴിൽ എരുത്തേമ്പതി പഞ്ചായത്തിന്റെ സ്വതന്ത്രമായ ഇടപെടലാണ് ഈ ജല സംരക്ഷണ പദ്ധതിയുടെ വിജയത്തിന് കാതലായത്.

പഞ്ചായത്തിലെ 14 വാർഡുകളിലെ വീടുകളെ കേന്ദ്രീകരിച്ചാണ് 1000 മഴക്കുഴികൾ നിർമിച്ചത്. ചിറ്റൂർ കോളേജിലെ 120 ഓളം വരുന്ന എൻഎസ്എസ്., എൻസിസി വിദ്യാർഥികളും സജീവ പങ്കാളിത്തം നൽകി. പദ്ധതി തൊഴിലുറപ്പ് പദ്ധതി യുമായി ബന്ധപ്പെടുത്തി എഡിഎസ് പ്രവർത്തകരാണ് മഴക്കുഴി നിർമാണത്തിന് ചുക്കാൻ പിടിച്ചത്. മഴക്കുഴി നിർമാണത്തിനോടൊപ്പം തന്നെ എൻഎസ്എസ് വളണ്ടിയർമാർ നൽകിയ മരതൈകൾ വെച്ചുപിടിപ്പിക്കുന്നതിൽ നാട്ടുകാർ വലിയ ഉത്സാഹം കാട്ടി. ഏകദേശം അഞ്ഞൂറോളം തൈകളാണ് വളണ്ടിയർമാർ നൽകിയത്. വളരെ ശാസ്ത്രീയമായ രീതിയിൽ കുഴികൾ കുഴിക്കാൻ ഭൂമിശാസ്ത്ര വിഭാഗം ചിറ്റൂർ കോളേജ് അധ്യാപകൻ ഡോ. റിച്ചാർഡ് സ്കറിയ, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് റിസോഴ്സ് പേഴ്സൻ കല്യാണ കൃഷ്ണൻ എന്നിവർ സഹായിച്ചു.