കാരറയിലെത്തുന്നവർ സൂക്ഷിക്കുക; അപകടക്കെണി കാത്തിരിക്കുന്നു
അഗളി: വാഹനയാത്രക്കാർക്ക് അപകടഭീഷണിയൊരുക്കി കാരറ ജംഗ്ഷൻ റോഡ്. കഷ്‌ടിച്ച് ഒരുവാഹനത്തിനുമാത്രം കടന്നുപോകാൻതക്ക വീതിയുള്ള ടാറിംഗ് റോഡിന്റെ ഇരുവശങ്ങളും മണ്ണിടിഞ്ഞ് വൻഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.

അഞ്ചുവർഷത്തോളമായി റോഡിന്റെ സ്‌ഥിതി ഇതാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതുവഴി സർവീസ് നടത്തുന്ന ലൈൻബസ് അടക്കം ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിലും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു.

ടാക്സി ജീവനക്കാരും സമീപത്തെ വ്യാപാരികളും ചേർന്ന് റോഡുവക്കിൽ കൊടികുത്തി അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഡബ്ല്യുഡിയുടെ അധീനതയിൽപ്പെട്ട റോഡ് അറ്റകുറ്റപ്പണികൾപോലും നടത്താതെ തകർന്നുകിടക്കുകയാണ്.

ആദിവാസികളും ഏഴുപതിറ്റാണ്ടുകൾക്കു മുമ്പുവരെയുള്ള കുടിയേറ്റ കർഷകരും തിങ്ങിപ്പാർക്കുന്ന ഗൂഡയൂർ,കാരറ, ജല്ലിപ്പാറ മുണ്ടൻപാറ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്.

മണ്ണാർക്കാടുനിന്നും അഗളിയിലേക്കുള്ള കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും മറ്റു ടാക്സിവാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന റോഡാണ് തികഞ്ഞ അപകടാവസ്‌ഥയിൽ അവഗണ നയേറ്റു കിടക്കുന്നത്.

കാലവർഷം ശക്‌തിപ്രാപിച്ചാൽ ഇവിടെ അപകടം സുനിശ്ചിതമാണെന്ന് പരിസരവാസികൾ എന്നേ ചൂണ്ടിക്കാട്ടുന്നുണ്ട്. ബന്ധപ്പെട്ടവർ കാര്യഗൗരവത്തോടെ റോഡിന്റെ അപകടാവസ്‌ഥ പരിഹരിക്കാത്തപക്ഷം നികത്താനാകാത്ത നഷ്‌ടത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.