ചവറയിലെ വാഹനാപകടം; കറുത്ത ഞായറിൽ ഞെട്ടി നാട്ടുകാർ
വർഗീസ് എം. കൊച്ചുപറമ്പിൽ

ചവറ: ദേശീയ പാതയിൽ പന്മന ഇടപ്പള്ളിക്കോട്ടയിൽ ചിതാഭസ്മം നിമഞ്ജനം ചെയ്ത് മടങ്ങിവന്നവരുടെ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ച സംഭവം ചവറയെ നടുക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.

ഞായറാഴ്ച്ച വൈകുന്നേരം 3.45 ഓടെ ലോറിയും അംബാസിഡർ കാറും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് പ്രദേശവാസികളേയും അതുവഴി വന്ന യാത്രക്കാരെയും നടുക്കിയത്. അപകടത്തിൽ മൂന്ന് പേർ മരിച്ച വാർത്ത പരന്നതോടെ സംഭവസ്‌ഥലത്തേക്കും കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിലേക്കും ജനം ഒഴുകിയെത്തി.

കോട്ടയം ചങ്ങനാശേരി കറുകച്ചാൽ നെടുങ്ങാട് പള്ളി ശാന്തിപുരത്ത് നൂറോമാക്കൽ വീട്ടിൽ അരവിന്ദാക്ഷൻ (70), കറ്റുവെട്ടിയിൽ അനിൽ (44), അരവിന്ദാക്ഷന്റെ സഹോദരി സരള ( 60 ) എന്നിവരെയാണ് മരണം തട്ടിയെടുത്തത്. അരവിന്ദാക്ഷന്റെ മാതാവ് ജാനകിയുടെ ചിതാഭസ്മം വർക്കല ശിവഗിരിയിൽ നിമഞ്ജനം ചെയ്ത് മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.

പെരുമ്പാവൂരിൽ നിന്നും സിമന്റ് കട്ട കയറ്റി കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ട കാറിൽ ആറു പേരാണ് യാത്ര ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് കാറുകളിലായി ബന്ധുക്കളും സഹോദരങ്ങളുമടങ്ങിയ 21 പേരാണ് യാത്രയിലുണ്ടായിരുന്നത്.

ചിതാഭസ്മം നിമഞ്ജനം ചെയ്തതിനു ശേഷം ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവർ വീട്ടിലേക്ക് തിരിച്ചത്. ഇതിൽ രണ്ട് കാറുകൾ മാവേലിക്കരയിൽ എത്തിയപ്പോഴാണ് അംബാസിഡർ കാറിൽ യാത്ര ചെയ്ത ഉറ്റവർ അപകടത്തിൽ പെട്ട വിവരം ഞെട്ടലോടെ മറ്റുള്ളവർ അറിയുന്നത്.

ഉടൻ തന്നെ രണ്ടു കാറുകളും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെക്കെത്തിയപ്പോൾ തങ്ങളുടെ ബന്ധുക്കൾ മരണപ്പെട്ട വിവരമാണ് അറിഞ്ഞത്.

അലമുറയിട്ട് കരഞ്ഞ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ആശുപത്രിയിൽ കൂടിയവർ ഏറെ പ്രയാസപ്പെട്ടു. മരിച്ച അനിലിന്റെ മക്കൾ അപകടത്തിൽപ്പെട്ട കാറിൽ കയറാൻ വാശി പിടിച്ചുവെങ്കിലും ഇവർ പിന്നീട് പിൻമാറി മറ്റൊരു കാറിൽ യാത്ര ചെയ്യുകയായിരുന്നു.

അതിനാൽ മക്കൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ ചവറ ഫയർഫോയ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടി പൊളിച്ചാണ് വാഹനമോടിച്ച അനിൽകുമാറിനെ പുറത്തെടുത്തത്.