കടപ്പാറ ഉരുൾപൊട്ടൽ ദുരന്തം;നടുക്കുന്ന ഓർമകളുടെ പത്തുവർഷം
Sunday, July 16, 2017 11:45 AM IST
മംഗലംഡാം: കടപ്പാറയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒമ്പതാംക്ലാസ് വിദ്യാർഥിനി മരിച്ച ദുരന്തത്തിനു ഇന്നു പത്തുവർഷം പിന്നിടുന്നു.

അതിവർഷമുണ്ടായ 2007 ജൂലൈ 17നാണ് കുടിയേറ്റ പ്രദേശമായ കടപ്പാറയ്ക്കു കരിദനമായി പ്രകൃതിയുടെ കോപം വലിയ നഷ്‌ടങ്ങളുണ്ടാക്കിയത്. കോഴിക്കുന്നേൽ ആന്റണിയുടെ മകൾ പതിനാലു വയസുകാരി അനുവാണ് അന്നു മലവെള്ളപ്പാച്ചിലിൽ ഓർമയായത്. മകൾക്കു വേണ്ടി ഇന്നു രാവിലെ ആറരയ്ക്കു കടപ്പാറ സെന്റ് മേരീസ് പള്ളിയിൽ ഫാ. ജോബി തരണിയിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും ഒപ്പീസും നടത്തുമെന്നു ആന്റണി പറഞ്ഞു.

ഓരോ വർഷവും ജൂലൈ 17 കടന്നുപോകുമ്പോഴും അന്നു പുലർച്ചെ കടപ്പാറയിലുണ്ടായ അതിശക്‌തമായ ഉരുൾപൊട്ടലും പത്തടിയോളം ഉയരത്തിൽ കടപ്പാറ സെന്ററിൽ ചെളിമൂടിയതും മലയോരവാസികളുടെ ഓർമകളിലെത്തും.

ആന്റണിയും മകളും താമസിച്ചിരുന്ന വീടിനു മുകളിലുള്ള മലയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ശബ്ദം കേട്ടു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ആന്റണി അപകടാവസ്‌ഥ കണ്ട് മകളെയും കൂട്ടി പുറത്തേക്കിറങ്ങി. ഇരുട്ടും പ്രദേശമാകെ പുക മൂടിയും ഒന്നും കാണാനാകാത്ത അവസ്‌ഥ. വീടിനു ചുറ്റും കഴുത്തോളം മുങ്ങുന്ന ചെളി. ഇതിലൂടെ ഓടുന്നതിനിടയിൽ ആന്റണിയുടെ കാലുകൾ കല്ലുകൾക്കിടയിൽ കുടുങ്ങി. കാലുകൾ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു. പപ്പയെ വിളിച്ചുള്ള മകളുടെ വേദന കണ്ട് നിസഹായനായി നോക്കി നിൽക്കാനേ ആന്റണിയ്ക്കു കഴിഞ്ഞുള്ളു. നേരം വെളുത്ത് ആളുകൾ ഓടിക്കൂടുമ്പോഴേക്കും അനു നിത്യതയിലേക്കു യാത്രയായിരുന്നു. അതുവരെ കടപ്പാറ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു പ്രകൃതിയുടെ വിളയാട്ടം. ആന്റണി ഇപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറായി കടപ്പാറയിലുണ്ട്. അന്ന് വീടു നഷ്‌ടപ്പെട്ടവർക്കു കടപ്പാറ പള്ളി നിർമിച്ചു നല്കിയ വീടുകളിലൊന്നിലാണ് ആന്റണിയുടെ ഇപ്പോഴത്തെ താമസം.