ഗുരു–ശുഷ്യബന്ധം പുതുക്കി പൂർവ വിദ്യാർഥി സംഗമം
കുളത്തൂപ്പുഴ: ജീവിതയാത്രയിലെങ്ങോ വേർപെട്ട ഗുരു–ശിഷ്യ ബന്ധം പുതുക്കാനായി പൂർവ വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഠനകാലത്തിനുശേഷം കുടുംബ ജീവിത തിരക്കിനിടയിൽ സൗഹൃദ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ കഴിയാതെ വേർപിരിഞ്ഞവർ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഒരുകൂട്ടം പൂർവവിദ്യാർഥികൾ.

കുളത്തൂപ്പുഴ ബിഎംജി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സ്കൂളിൽ വിദ്യാർഥി സംഗമം സംഘടിപ്പിച്ച് ഒത്തുചേർന്നത്. സൗഹൃദം എന്ന പേരിൽ ഇന്റർനെറ്റ് കൂട്ടായ്മ ആരംഭിക്കുകയും 1994 കാലത്ത് ഒരേ സ്കൂളിൽ ഒന്നിച്ച് പഠിച്ചവർ സൗഹൃദം പങ്കിട്ട് ഏറെ നാളത്തെ കാത്തിരുപ്പി നൊടുവിലാണ് ഒന്നിക്കാൻ അവസരംഒരുക്കിയത്.

ജീവിതത്തിെൻറ നാനാ മേഖലയിൽ പണിയെടുക്കുന്നവർ കുടുംബസമേതം കുട്ടികളുമായി എത്തിയത് വ്യത്യസ്‌ഥ ഒത്തുചേരലായിരുന്നു. ഇതോടൊപ്പം തങ്ങൾക്ക് അറിവ് പകർന്ന അധ്യാപകരെ ഏറെ പണിപ്പെട്ടങ്കിലും കണ്ടെത്തി ആദരിക്കാനും അനുമോദിക്കാനും അവർ അവസരം ഒരുക്കി.

വാർധക്യത്തിന്റെ പിടിയിലകപ്പെട്ട് അവശതയിൽ കഴിയുന്ന തങ്ങളുടെ ഗുരുക്കന്മാരെ കൈപിടിച്ച് കലാലയ മുറ്റത്ത് എത്തിച്ച് ആദരിച്ച് ഗുരു–ശിഷ്യബന്ധം പുതുക്കി. സ്കൂൾ പിടിഎ പ്രസിഡന്റ് കോശിതോമസ് പരിപാടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംഘാടക സമിതി കൺവീനർ സുഗന്ധി അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ഷാനി ബൈജു, ഷീന രാജേഷ് സുഗന്ധി, മൂസകുട്ടി, ഷെമി എന്നിവർ നേതൃത്വം നൽകി.