കൊട്ടിയത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം: നാലുപേർ അറസ്റ്റിൽ
ചാത്തന്നൂർ: കൊട്ടിയത്തെ കടയിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കാവൽപ്പുര ഉദയ താരാനഗർ 32 പ്രേമാ നിവാസിൽ റംഷാദ് (32), വടക്കേവിള ഗോപാലശേരി ഇർഷാദ് ജംഗ്ഷൻ സനാ മൻസിലിൽ അ നസ് (32), കൊല്ലം ജോനകപ്പുറം ചന്ദനഴി കംപുരയിടത്തിൽ ഹാരീസ് (28), ഇക്ബാൽ (29) എന്നിവരാണ് പിടിയിലായത്.

സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെ കൊട്ടിയം ജംഗ്ഷനിൽ കണ്ണനല്ലൂർ റോഡിലുള്ള ബൂട്ട്സ് ആന്റ് ബ്യൂട്ടി എന്ന കട അടിച്ചു തകർത്ത ശേഷം കടക്കുള്ളിൽ അഭയം തേടിയെത്തിയ കൊട്ടിയം ജസ്ലറ്റ് ഭവനിൽ ഐ ബിൻ ആൻറണി (38) യെ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു.

ആക്രമണം നടത്തുന്നതിനിടെ സംഘത്തിൽ പ്പെട്ട ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിസിറ്റി ആശുപത്രിയിൽ ഇവർ ചികിൽസക്കായി എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഇവരെ പിടികൂടാനെത്തിയ കൊട്ടിയം എസ്ഐ രതീഷ് നിലത്തു വീണ് കാലിന് പരിക്കേറ്റിരുന്നു.

തുടർന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദിന്റെ നിർദേശപ്രകാരം കൊട്ടിയം സിഐ.അജയ്നാഥ്, ജൂനിയർ എസ്ഐ ട്വിങ്കിൾ ശശി, എസ്ഐമാരായ സുന്ദരേശൻ, സുനിൽ, സിപിഒ ഗോപൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നരഹത്യാ ശ്രമത്തിനാണ് ഇവരുടെ പേരിൽ കേസെ ടു ത്തിട്ടുള്ളത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.