ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് തുടക്കമായി
കൊല്ലം: ശ്രീബുദ്ധാ എജ്യൂക്കേഷൻ ഓഫ് സൊസൈറ്റിയുടെയും ടാറ്റ കൺസൾട്ടൻസി സർവീസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ കൊല്ലം പാൽക്കുളങ്ങരയിൽ പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന് തുടക്കമായി. ശ്രീബുദ്ധാ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി എന്ന ഓൺലൈൻ എക്സാം സെന്റർ ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.

കാലത്തിനു മുൻപേ വിദ്യാഭ്യാസരംഗത്തുള്ള ചലനങ്ങൾ തിരിച്ചറിഞ്ഞ് കാര്യമായി പ്രവർത്തിക്കാൻ വിദ്യാഭ്യാസമേഖലയിലെ സ്‌ഥാപനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ പുതിയ തലമുറയ്ക്ക് കൂടുതൽ കരുത്തേകാൻ ശ്രീബുദ്ധാ എജ്യൂക്കേഷൻ ഓഫ് സൊസൈറ്റിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് കൊല്ലത്ത് തുടക്കമായതോടെ ദൂരദേശങ്ങളിൽ പോയി പരീക്ഷ എഴുതാനുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.

പുതിയ പരീക്ഷാ സംസ്കാരത്തിലേക്ക് നമ്മുടെ വിവിധ മേഖലകളിലെ വിദ്യാഭ്യാസ ശൃംഖലകൾക്ക് സമൂഹവും മാറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കും കഴിയേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

സാമ്പ്രദായക പരീക്ഷാ രീതികളിൽ നിന്നും ഓൺലൈൻപരീക്ഷാ രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ ശ്രീബുദ്ധാ എജ്യൂക്കേഷൻ ഓഫ് സൊസൈറ്റിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസരംഗത്ത് പുതിയ ദിശാബോധം നൽകാൻ പ്രസ്തുത സംരംഭത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ലാബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സാമൂഹികമാറ്റങ്ങൾ ഉൾക്കൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷകളും ഒപ്പം സാധ്യതകളും ആണ് തുറന്നുകൊടുക്കുന്നതെന്ന് എം.നൗഷാദ് എംഎൽഎ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസമേഖലയിലെ മൗലികവാദം വെടിഞ്ഞ് ക്രിയാത്മകസമീപനവും അർപ്പണമനോഭാവവും സംയോജിപ്പിച്ച് കൊണ്ടുപോകുമ്പോൾ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയർ വി.രാജേന്ദ്രബാബു അധ്യക്ഷനായി. വാർഡ് കൗൺസിലർ കെ.ബാബു, പ്രഫ.കെ.ശശികുമാർ, ഡോ.കെ.ബി.മനോജ് എന്നിവർ പ്രസംഗിച്ചു.