അന്നൂർ റംസാൻ ഓണ്‍ലൈൻ അന്താരാഷ്ട്രക്വിസ് മത്സരം: ഫെമിന, അഫ്ദ, ഡോ. സയിദ വിജയികൾ
Tuesday, July 3, 2018 1:04 AM IST
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വെളിച്ചം വിംഗ് റംസാൻ മാസത്തിലെ ആദ്യ പതിനഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ച ഖുർആൻ ഓണ്‍ലൈൻ അന്താരാഷ്ട്ര ക്വിസ് മത്സരത്തിലെ ഗ്രാൻഡ് ഫിനാലയിൽ ഒന്നാംസ്ഥാനം ഫെമിന ശംസീർ പാറാൽ (ദുബായ്) കരസ്ഥമാക്കി. രണ്ടാം സ്ഥാനം അഫ്ദ ഷാനവാസും (എറണാകുളം), മൂന്നാം സ്ഥാനം ഡോ. പി.കെ. സയിദയും (മലപ്പുറം) സ്വന്തമാക്കി.

കുവൈത്ത് റീജണൽ വിജയിയായി ഷക്കീല അബ്ദുളളയെ തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 42 ഡെയ്ലി ക്വിസ് ജേതാക്കളെയും സമ്മാനർഹരായി കണ്ടെത്തിയിട്ടുണ്ട്. ഡെയിലി ക്വിസ് മത്സരത്തിൽ ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്തു.

ജർമനി, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, അമേരിക്ക, ഇന്തോനേഷ്യ, തായ്വാൻ, കുവൈത്ത്, ഒമാൻ, ബഹറിൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബംഗളൂരു, കേരള, ഡൽഹി, തമിഴ്നാട് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. മർഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറത്തുൽ ഖസസിനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികൾക്കുള്ള സമ്മാനവിതരണം ഐഐസിയുടെ പൊതുപരിപാടിയിൽ നടക്കും. അടുത്തഘട്ട മത്സരം സൂറത്തുൽ അൻകബൂത്തിനെ അടിസ്ഥാനമാക്കി ജൂലൈ രണ്ട് മുതൽ ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

വിജയികളെ കണ്ടെത്താനായി ചേർന്ന വെളിച്ചം സമിതിയിൽ ചീഫ് പരീക്ഷാ കണ്‍ട്രോളർ മൗലവിഅബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഐടി കോഓർഡിനേറ്റർ സഅദ് പുളിക്കൽ സ്വാഗതം ആശംസിച്ചു. മനാഫ് മാത്തോട്ടം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോഓർഡിനേറ്റർമാരായ അബ്ദുൽ ജബാർ, നബീൽ, അഹമ്മദ് കുട്ടി സാൽമിയ, ഗുൽജീന അബ്ദുജബാർ, മാഷിദമനാഫ്, ഹർഷാബി ഷെരീഫ്, ഷെയ്ബി നബീൽ, ഫാത്തിമ സഅദ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ