ഒന്പതാമത് കേളി ഫുട്ബോൾ ടൂർണമെന്‍റ് : സംഘാടക സമിതി രൂപീകരിച്ചു
Tuesday, July 17, 2018 12:43 AM IST
റിയാദ്: കാൽപന്തുകളി പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ട് സെപ്റ്റംബർ രണ്ടാം വാരം മുതൽ രണ്ട് മാസക്കാലത്തിലേറെ നീണ്ടുനിൽക്കുന്ന ഫുട്ബോൾ വസന്തം വിരിയുന്ന നാളുകൾക്ക്, ഒൻപതാമത് കേളി ഫുട്ബോളിന് തുടക്കമാകുന്നു.

ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. റഷീദ് മേലേതിൽ ചെയർമാനായും നൗഷാദ് കോർമത്ത് കണ്‍വീനറായും രൂപീകരിച്ച സംഘാടക സമിതിയിൽ സുധാകരൻ കല്യാശ്ശേരി (സാന്പത്തികം), സിജിൻ കൂവള്ളൂർ (പബ്ലിസിറ്റി), സുരേന്ദ്രൻ കൂട്ടായി (വാളണ്ടിയർ), ചന്ദ്രൻ സനയ്യ 40 ( ഭക്ഷണം), ചന്ദ്രൻ തെരുവത്ത് (ഗതാഗതം), മഹേഷ് കോടിയത്ത് (മാധ്യമം), ഷറഫുദ്ധീൻ ബാബ്തെയിൻ (ടെക്നിക്കൽ ) എന്നിവരെ വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനർമാരായും തെരഞ്ഞെടുത്തു.

സെപ്റ്റംബർ രണ്ടാം വാരം മുതൽ ആരംഭിക്കുന്ന ഒൻപതാമത് കേളി ഫുട്ബോളിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അംഗീകാരമുള്ള സൗദിയിലെ പ്രമുഖ ടീമുകൾ മത്സരിക്കുമെന്നും സൗദി ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ച റഫറിമാരുടെ സംഘം മത്സരങ്ങൾ നിയന്ത്രിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

രൂപീകരണ യോഗം മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ കെ.പി.എം. സാദിക്ക് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, റഷീദ് മേലേതിൽ , ജോയിന്‍റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.