കരുണാനിധിയുടെ വിയോഗത്തിൽ കല കുവൈറ്റ് അനുശോചിച്ചു
Wednesday, August 8, 2018 10:43 PM IST
കുവൈത്ത് സിറ്റി: ഡിഎംകെ പ്രസിഡന്‍റും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. പതിനാലാം വയസിൽ പൊതുപ്രവർത്തന രംഗത്തേക്ക് ചുവടെടുത്ത് വച്ച കരുണാനിധി രാഷ്ട്രീയത്തിന് പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാനിധ്യമായിരുന്നു.

തമിഴ്സാഹിത്യത്തിന് അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി അദ്ദേഹത്തിന്‍റെ കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. ഭാഷയും സംസ്കാരവും അടിച്ചേൽപ്പിക്കുന്ന വർഗീയ സ്വഭാവമുളള നീക്കങ്ങൾക്കെതിരെ തമിഴ് ജനതയെ നയിക്കുന്നതിൽ അദ്ദേഹം വിജയം കണ്ടു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.കലയുടെ കേന്ദ്ര കമ്മറ്റി യോഗം കരുണാനിധിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിനു കനത്ത നഷ്ടമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

കുവൈത്ത് കെഎംസിസി അനുശോചിച്ചു

കുവൈത്ത് സിറ്റി: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തിൽ കുവൈത്ത് കഐംസിസി അനുശോചിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ ശക്തമായ അഭ്യുദയ കാംക്ഷിയും മതേതര ഇന്ത്യയുടെ മഹാപോരാളിയായിരുന്നു എം. കരുണാനിധിയെന്ന് കുവൈത്ത് കെഎംസിസി നാഷണൽ കമ്മറ്റി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ