പ്രവാസി വോട്ടവകാശ ബിൽ സ്വാഗതാർഹം : വെൽഫെയർ കേരള കുവൈത്ത്
Saturday, August 11, 2018 4:18 PM IST
കുവൈത്ത്: പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന ബിൽ ലോകസഭ പാസാക്കിയത് സ്വാഗതാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ സമ്മതിദാന പ്രക്രിയയിൽ പങ്കാളികളാകാനുള്ള പ്രവാസികളുടെ ദീർല കാലത്തെ ആവശ്യത്തിന് അനുകൂലമായ നിലപാട് മുഴുവൻ പ്രവാസികൾക്കും സന്തോഷം നൽകുന്നതാണ്.

നാട്ടിലെ ഭരണചക്രം ആരുടെ കൈയിലെത്തണമെന്ന് തീരുമാനിക്കുന്നത് പ്രവാസികൾ കൂടി ചേർന്നാവുന്പോൾ പ്രവാസികളുടെ വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാൻ ഭരണനേതൃത്വം തയാറാവുന്ന സാഹചര്യം രൂപപ്പെടുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പകരക്കാരനെ അധികാരപ്പെടുത്തിയുള്ള പ്രോക്സി വോട്ട് രീതിയിലുള്ള വോട്ടവകാശം ഇപ്പോൾ
നടപ്പിലാക്കി ഭാവിയിൽ തൊഴിലെടുക്കുന്ന രാജ്യത്ത് നിന്നു കൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഇനിയും നിയമകുരുക്കുകളില്ലാതെ വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം. പ്രവാസി വോട്ടവകാശത്തിനായി നിയമ പോരാട്ടങ്ങൾ നടത്തിയ മുഴുവൻ സാമുഹിക പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് : സലിം കോട്ടയിൽ