ജിദ്ദയിലെ സ്പോർട്ടിംഗ് യുണൈറ്റഡ് ഗോകുലം എഫ്സി യുമായി ഏറ്റുമുട്ടുന്നു
Saturday, August 11, 2018 6:46 PM IST
ജിദ്ദ: സിഫ് ജൂണിയർ ചാമ്പ്യൻസ് ലീഗ് ഹാട്രിക് ജേതാക്കളായ ജിദ്ദയിലെ പ്രശസ്ത സോക്കർ അക്കാദമിയായ സ്പോർട്ടിംഗ് യുണൈറ്റഡ് ജിദ്ദ, കേരളത്തിന്‍റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലം എഫ്സി കേരള ജൂണിയർ ടീമുമായി ഏറ്റുമുട്ടുന്നു. ഓഗസ്റ്റ് 25 നു (ശനി) വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.

അക്കാദമിയുടെ ആരംഭം മുതൽ സ്കൂൾ ഒഴിവു കാലത്തു സ്പോർട്ടിംഗ് യുണൈറ്റഡ് ഇന്ത്യയിലെ വിവിധ പ്രഫഷണൽ ക്ലബുകളുടെ ജൂണിയർ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ സീരീസിലെ ആറാമത്തെ മത്സരമാണ് ഗോകുലം എഇ യുമായുള്ളത്. കഴിഞ്ഞ വർഷം ചെന്നൈയിൽ ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയുടെ ജൂണിയർ ടീമുമായി മത്സരിച്ചിരുന്ന സ്പോർട്ടിങ് 2016 ൽ ഡൽഹിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ജൂണിയർ അക്കാദമികളിൽ ഒന്നായ ബൈച്ചുങ് ബുട്ടിയ അക്കാദമിയുമായും ഐ ലീഗ് ടീമായ ഹിന്ദുസ്ഥാൻ ഫുട്ബാൾ ക്ലബുമായും മത്സരിച്ചിരുന്നു.

2014ൽ കോഴിക്കോട് സെപ്റ്റ് ഇന്ത്യ അക്കാദമി ടീമുമായി ഫാറൂഖ് കോളജ് ഗ്രൗണ്ടിൽ വച്ചാണ് ആദ്യമായി സ്പോർട്ടിംഗ് കേരളത്തിൽ മത്സരം സംഘടിപ്പിച്ചത്. 2015 ൽ മലപ്പുറത്ത് സുബ്രതോ കപ്പ് ജേതാക്കളായ എംഎസ്പി സ്കൂളുമായും സ്പോർട്ടിംഗ് മാറ്റുരച്ചിട്ടുണ്ട്.

കോയമ്പത്തൂരിൽ നടന്ന ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബംഗളൂരു എഫ്സി ജൂണിയർ ടീമിനെ അഞ്ചു ഗോളിന് തകർത്തു ജേതാക്കളായ ഗോകുലം എഫ്സി വളരെ ശക്തരായ പ്രഫഷണൽ ടീമിന്‍റെ ഭാഗമാണെങ്കിലും പ്രവാസ ലോകത്തു ജീവിക്കുന്ന കളിക്കാർക്ക് ശക്തരായ ടീമുകളുമായി കളിച്ചു മത്സര പരിചയമുണ്ടാക്കുക നാട്ടിലെ ജില്ലാ, യൂണിവേഴ്സിറ്റി ടീമിലേക്കും മറ്റുമുള്ള സെലക്ഷൻ ട്രയൽസിനുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് സ്പോർട്ടിംഗ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ, ചീഫ് കോച്ച് ഷബീർ അലി, ടെക്നിക്കൽ കമ്മിറ്റി ഹെഡ് നാസർ ഫറോക് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ്സിയുമായി വളരെ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. മുസ്തഫ ചാലിൽ, അഷ്റഫ് അലനല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും നേതാക്കൾ അറിയിച്ചു.

2012 ൽ ഏതാനും പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട സ്പോർട്ടിംഗ് യുണൈറ്റഡ് അക്കാദമി ഇതിനകം തന്നെ പ്രവാസ ലോകത്തു ശ്രദ്ധേയമായ ഒട്ടനവധി ടൂർണമെന്‍റുകളിൽ കിരീടം ചൂടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് സ്പോർട്ടിംഗ് യുണൈറ്റഡ് ജിദ്ദയിലെ സിഫ് ടൂർണമെന്‍റിൽ ഹാട്രിക് കിരീടം നേടിയത്.

കേരളത്തിനു പുറമെ ഡൽഹി, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 140 ഓളം കുട്ടികൾ നാല് കാറ്റഗറിയിലായി സ്പോർട്ടിംഗ് യുണൈറ്റഡിൽ പരിശീലനം നേടുന്നുണ്ട്.

കഴിഞ്ഞ സീസൺ മുതൽ ടീമിനൊപ്പം ചേർന്ന മുൻ ലാലീഗ കളിക്കാരനായ സ്പാനിഷ് കോച്ച് അലസാന്ദ്രോ അൽവാറീസിന് കീഴിലാണ് അക്കാദമിയിലെ 12 വയസിനു താഴെയുള്ള കുട്ടികൾ പരിശീലനം നേടുന്നത്. ഗ്രാസ് റൂട്ട് ലെവലിലെ കുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ യൂറോപ്യൻ ഫുട്ബോളിന്‍റെ തന്ത്രങ്ങൾ മനസിലാക്കാനുള്ള അവസരമെന്ന നിലക്കാണ് 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി സ്പാനിഷ് കൊച്ചിന്‍റെ സേവനം ലഭ്യമാക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു. ഒരു ഗോൾ കീപ്പർ കോച്ചടക്കം എട്ടു കോച്ചുമാരാണ് അക്കാദമിക്കുള്ളത്. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാവിലെ രാവിലെ ആറു മുതൽ ഒമ്പതു വരെയാണ് പരിശീലനം.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ