മഴക്കെടുതി: വിവിധ പ്രവാസി സംഘടകൾ സഹായഹസ്തവുമായി രംഗത്ത്
Saturday, August 11, 2018 9:59 PM IST
കുവൈത്ത് : കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകൾ രംഗത്തുവന്നു.

കുവൈത്ത് കെ എംസിസി 12 ഏരിയകൾ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടത്താൻ നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കുവൈത്തിലുള്ള മുഴുവൻ മനുഷ്യസ്നേഹികളും ഈ കാരുണ്യ പദ്ധതിയുമായി സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സഹായിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ:503 37788, 97622788.

പ്രളയ ദുരന്തത്തിൽ കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഉത്കണ്ഠ രേഖപ്പെടുത്തുകയും മരണമടഞ്ഞ കുടുംബാഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും വ്യക്തിപരമായും സംഘടനാപരമായും സഹായങ്ങൾ എത്തിക്കാൻ പരിശ്രമിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുന്നതായും ഭാരവാഹികൾ ഇറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.

കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂടായ്മയായ എംഎംഎഫ് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടുവച്ചു തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഒരു ലക്ഷം രൂപയുടെ ഡിഡി കൈമാറുമെന്ന് മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ ടി.വി. ഹിക്മത്ത് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ