തെറ്റുപറ്റിയെന്നു തോന്നിയാൽ നിലപാടും അഭിപ്രായവും തിരുത്താൻ തയാറാണ്: സെബാസ്റ്റ്യൻ പോൾ
Monday, August 13, 2018 10:57 PM IST
റിയാദ് : തന്‍റെ നിലപാടുകൾ തന്‍റെ ബോധ്യങ്ങളാണെന്നും ആരും കൂടെയില്ലാത്തവരുടെ കൂടെ നിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും തനിക്കു തെറ്റുപറ്റിയെന്ന് തോന്നിയാൽ ആ നിമിഷം നിലപാടും അഭിപ്രായവും തിരുത്താൻ ഒരു മടിയുമില്ലെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. നവോദയയുടെ നാലാമത് കേന്ദ്ര സമ്മേളനം ഉദ്ഘടനം ചെയ്യാനെത്തിയ സെബാസ്റ്റ്യൻ പോളിന് റിയാദിലെ സംഘടനകളും സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തികളും നൽകിയ പൊതുസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താൻ ലേഖനത്തിൽ ഉദ്ദേശിക്കാത്ത പല വ്യഖ്യാനങ്ങളുമാണ് നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ തനിക്കെതിരെ പലരും ഉയർത്തിയത്. താൻ പറഞ്ഞത് ആ കേസിലെ നിയമപരമായ പോരായ്മകളാണ്, അല്ലാതെ ഏതെങ്കിലും നടന് അനുകൂലമായ നിലപാടായിരുന്നില്ല അത്. അതിന്‍റെ പേരിൽ സോഷ്യൽ സൈറ്റുകളിലടക്കം വലിയ ആക്ഷേപമാണ് തനിക്കെതിരെ ഉയർന്നത്. പക്ഷേ താൻ ചൂണ്ടി കാട്ടിയ കാര്യങ്ങളിൽ പലതും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ ഉൾകൊള്ളാൻ തയാറായത് കേസിന്‍റെ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രവാസികളുടെ വോട്ടവകാശം തത്വത്തിൽ അംഗീകരിച്ചത് സ്വാഗതാർഹമാണ്. അത് പ്രവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്ന പലകാര്യങ്ങളും നേടിയെടുക്കാൻ അവസരമൊരുക്കുകയും ചെയ്യും. എന്നാൽ പ്രോക്സി വോട്ടിംഗ് സംവിധാനം "രഹസ്യ സ്വഭാവത്തിലുള്ള വോട്ട്' എന്നത് തെരഞ്ഞെടുപ്പിന്‍റെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുന്നതാണ്. അതിനു പകരം ഓൺലൈൻ വോട്ടിംഗ് സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുമ്മിൾ സുധീർ യോഗം ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സബീന എം. സാലിയുടെ "ഗന്ധദീപുകളുടെ പാറാവുകാരി' എന്ന ഓർമ്മകുറിപ്പുകളുടെ പുസ്തകം സെബാസ്റ്റ്യൻ പോൾ നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീറിന് നൽകി പ്രകാശനം ചെയ്തു. പുസ്തകത്തെ കുറിച്ച് ജയചന്ദ്രൻ നെരുവമ്പ്രം, റസൂൽ സലാം, സബീന എം. സാലി എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾ മൊമെന്‍റോൾ നൽകിയും ഷാളുകൾ അണിയിച്ചും സെബാസ്റ്റ്യൻ പോളിനെ ആദരിച്ചു.

ശിഹാബ് കൊട്ടുകാട്, നെബു വർഗീസ്, സത്താർ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, നാസർ കാരന്തൂർ, ഷംനാദ് കരുനാഗപ്പള്ളി, അനീർ ബാബു, വിനോദ്, സുബിൻ സിറ്റിഫ്ളവർ എന്നിവർ സംസാരിച്ചു.നവോദയ സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു.