പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി ജിദ്ദ ഇസ് ലാമിക് സെന്‍റർ
Tuesday, August 14, 2018 11:01 PM IST
ജിദ്ദ: കാലവർഷക്കെടുതി മൂലം സംസ്ഥാനത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ജിദ്ദ ഇസ് ലാമിക്ക് സെന്‍റർ പ്രവർത്തകർ. പ്രളയം മൂലം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സഹായ ഹസ്ത നിധിയിലേക്ക് ജിദ്ദ ഇസ് ലാമിക് സെന്‍ററിന്‍റെ ആദ്യ വിഹിതമായ ഒരു ലക്ഷം രൂപ ജിദ്ദ ഇസ്ലാമിക് സെന്‍റർ ചെയർമാൻ സയിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ സംസ്ഥാന പ്രസിഡന്‍റ് സയിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.

എസ്.കെ .എസ്.എസ്.എഫിന്‍റെയും സന്നദ്ധ സേവന വിഭാഗമായ വിഖായയുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാന്പുകളിലും ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി പോയവർക്കും പത്രങ്ങൾ, വീട്ടുപകരണങ്ങൾ,ഭക്ഷ്യ വസ്തുക്കൾ,മറ്റു നിത്യോപയോഗ സാധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തകർ എത്തിച്ചു നൽകുന്നത്.

പാണക്കാട്ട് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ സയിദ് ഷമീർ അലി ശിഹാബ് തങ്ങൾ ജിദ്ദ ഇസ് ലാമിക് സെന്‍റർ സീനിയർ നേതാക്കളായ അബ്ദുല്ല ഫൈസി കുളപറന്പ്,സി.എം.അലി മൗലവി നാട്ടുകൽ തുടങ്ങിയവർ സംബന്ധിച്ചു.

ഐസിഎഫ് അരക്കോടി രൂപയുടെ സഹായം നല്‍കും

മക്ക: കാലവര്‍ഷക്കെടുതിയില്‍ വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അര കോടി രൂപയുടെ സഹായം നല്‍കുമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

ഐ സി എഫ് അംഗങ്ങള്‍ പത്ത് സൗദി റിയാലില്‍ കുറയാത്ത സംഖ്യ നിധിയിലേക്ക് നല്‍കും. വരുന്ന വെള്ളിയാഴ്ച്ച നിധി സമാഹരണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തിൽ സയിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അസീസ് സഖാഫി മമ്പാട്, കരീം ഹാജി ഖത്വര്‍, നിസാര്‍ സഖാഫി ഒമാന്‍, അലവി സഖാഫി തെഞ്ചേരി കുവൈത്ത്, എം.സി. കരീം ഹാജി ബഹറിന്‍, ഹമീദ് ഈശ്വരമംഗലം ദുബൈ, മുജീബ് എ ആര്‍ നഗര്‍ ജിദ്ദ, ശരീഫ് കാരശേരി, ദുബായ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ