കല കുവൈറ്റ് അനുശോചിച്ചു
Thursday, August 16, 2018 6:37 PM IST
കുവൈത്ത് സിറ്റി: കാലിക പ്രസക്തമായ വിഷയങ്ങളെ ഹാസ്യാത്മക വിമർശന ശൈലിയിലൂടെ വായനക്കാരിലേക്കെത്തിച്ച പ്രശസ്ത കവി ചെമ്മനം ചാക്കോയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

ഏഴ് പതിറ്റാണ്ടോളം മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കല കുവൈറ്റിന്‍റെ 2008ലെ മെഗാപ്രോഗ്രാം ആയ ധ്വനിയുടെ വേദിയിൽ മുഖ്യാതിഥി ആയി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്‍റെ കാലികപ്രസക്തിയാണ് അദ്ദേഹത്തിന്‍റെ കൃതികളെ ശ്രദ്ധേയമാക്കിയത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലി സ്വീകരിച്ചു. പുരോഗമന പ്രസ്ഥാനങ്ങളോട് ചേർന്നുനിന്ന അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സാഹിത്യശാഖക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് പ്രസീദ് കരുണാകരൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ