കെ.ജീവ സാഗര്‍ സാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു
Thursday, August 16, 2018 7:08 PM IST
കുവൈത്ത് സിറ്റി : ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് കുവൈത്ത് അധികൃതരും സമൂഹവും നൽകുന്ന പിന്തുണയും സൗഹൃദവും വിശ്വാസവും ആ രാജ്യത്തോട് കൂറ് പ്രകടിപ്പിക്കുവാനുള്ള കടമ കൂടിയായി കരുതണമെന്ന് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അംബാസഡര്‍ കെ.ജീവ സാഗര്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചു.

ഇന്ത്യയുമായി ചരിത്രപരമായ ബന്ധം നിലനിൽക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് നാം. സംസ്കാരം,പരസ്പര ബഹുമാനം തുടങ്ങി വിവിധ മേഖലകളിൽ മെച്ചപ്പെട്ട സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നത്. സ്ഥിരതയും സമാധാനവും നിലനിർത്താൻ കുവൈത്ത് നൽകുന്ന സംഭാവനകളെയും ഇന്ത്യ എന്നും മതിപ്പോടെയാണ് കാണുന്നത്. നിയമം അനുസരിക്കുന്നവരും സാംസ്കാരിക പാരമ്പര്യമുള്ളവരും സമാധാന പ്രിയരും കുടുംബമൂല്യങ്ങളെ ആദരിക്കുന്നവരും എന്നാണ് ഇന്ത്യക്കാരെ കുറിച്ച് കുവൈത്ത് നേതൃത്വം വിശേഷിപ്പിക്കാറുള്ളത്. കുവൈത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇന്ത്യൻ സമൂഹം നൽകിവരുന്ന സഹായങ്ങളും അവർ സ്മരിക്കാറുണ്ട്. ഒമ്പതര ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ വസിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തോത് ഏകദേശം 800 കോടി ഡോളറിന്‍റേതാണ്. വരുംമാസങ്ങളിൽ മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വൻ പരിപാടി സംഘടിപ്പിക്കുമെന്നും സ്ഥാനപതി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ