ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാന്‍ കൈകോര്‍ക്കുക
Thursday, August 16, 2018 9:57 PM IST
ദോഹ: പ്രളയക്കെടുതി ദുരന്തം വിതച്ച് കേരളമൊന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാന്‍ കൈകോര്‍ക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എം. വര്‍ഗീസ്. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രീം ഫൈവ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍ പെരുന്നാള്‍ നിലാവിന്‍റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തെ കൂടുതല്‍ കരുത്തരാക്കുവാനും മാനവികതയുടെ വികാരം അടടാളപ്പെടുത്തുവാനും സഹായകമാകുമെന്ന് ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രളയക്കെടുതി നേരിടുന്നതെന്നും ഓണവും ബക്രീദും ഉദ്ഘോഷിക്കുന്ന ഏകമാനവികതുടേയും സ്നേഹത്തിന്റേയും ശക്തമായ പരിസരമാണ് കാണുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയ പ്ളസ് സിഇഒ. ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

യൂനിമണി മാര്‍ക്കറ്റിംഗ് മാനേജര്‍ നിഷാദ് കോട്ടംപുലാന്‍ സംസാരിച്ചു. കൽക്കോണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സലീം, സാന്‍ഫോര്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെര്‍ലി ഫിലിപ് , ശിഹാബ് മങ്കട എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.