പൊതുമാപ്പ്: ദുബായ് കെ എംസിസി ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Friday, August 17, 2018 12:23 AM IST
ദുബായ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്കായി യുഎഇ ഗവണ്മെന്‍റ് പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ഭാഗമായി ദുബായ് ഇമിഗ്രേഷനുമായി സഹകരിച്ച് ദുബായ് കെ എംസിസി നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കെ എംസിസിയുടെ പരിശീലനം ലഭിച്ച വോളന്‍റിയർമാരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ലേബർ ക്യാന്പുകൾ, ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുമാപ്പിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ ഒൗദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യും. ദുബായ് മീഡിയ വിംഗ് തയറാക്കിയ ഹൃസ്വചിത്ര പ്രദർശനം, സോഷ്യൽമീഡിയ പ്രചാരണം തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിർഭയത്വത്തോടുകൂടി പൊതുമാപ്പിനെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഖിസൈസ് ലുലു മാളിൽ നടന്ന ചടങ്ങിൽ GDRFA മാർക്കറ്റിംഗ് മാനേജർ ക്യാപ്റ്റൻ അലി അബ്ദുല്ല ശരീഫ് വോളന്‍റിയർമാർക്ക് ലഘുലേഖ കൈമാറി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ലുലു ഗ്രൂപ്പ് റീജണൽ മാനേജർ ഹുസൈഫ രൂപവാല, ഓപറേഷൻ മാനേജർ സലിം വി.സി., ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ മധു പൊതുവാൾ, കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, ഇസ്മായിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാന്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട് :നിഹ് മത്തുള്ള തൈയിൽ