പ്രളയക്കെടുതി: അവശ്യ സാധനങ്ങളുമായി ദുബായില്‍ നിന്ന് ആദ്യ കാര്‍ഗോ ഇന്ന് പുറപ്പെടും
Saturday, August 18, 2018 7:36 PM IST
ദുബായ് : കേരളം ഇന്നേവരെ അനുഭവിക്കാത്ത കാലവര്‍ഷ കെടുതിയില്‍ അകപെട്ടുപോയ പതിനായിരങ്ങള്‍ക്ക് സമാശ്വാസമായി ആവശ്യസധനങ്ങളുമായി ദുബായ് കെ എംസിസിയുടെ ആദ്യഘട്ട കാര്‍ഗോ ഇന്ന് നാട്ടിലേക്കു പുറപ്പെടും.

ബെഡുകള്‍,ബെഡ് ഷീറ്റുകള്‍ പില്ലോകൾ, ചെരുപ്പുകൾ, എമര്‍ജന്‍സി ലൈറ്റ്,ക്ലീനിംഗ് മെറ്റീരിയല്‍സ്, സോപ്പ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍,നാപ്കിന്‍,നോട്ട് ബുക്ക്‌,സ്കൂള്‍ ബാഗ്‌ തുടങ്ങിയ സാധനങ്ങളാണ് ആദ്യഘട്ടത്തില്‍ അയയ്ക്കുന്നത്.

കെ എംസിസിയുടെ കാരുണ്യ പ്രവര്‍ത്തനത്തിന് ദുബായിലെ ധാരാളം കോര്‍പ്പറേറ്റ് കമ്പനികള്‍ സഹായ ഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ദുബായ് കെ എംസിസി കീഴിലുള്ള എല്ലാ ജില്ലാ മണ്ഡലം കമ്മിറ്റികളും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. ഏതാണ്ട് 40 ടൺ സാധനങ്ങളാണ് ഇങ്ങനെ സമാഹരിക്കുന്നത്. കേരളത്തിലെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിലെ 14 ജില്ലകളിലും ഇത് വിതരണം ചെയ്യാന്‍ പ്രാദേശിക സംവിധാനങ്ങള്‍ ഇതിനോടകം കെ എംസിസി പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കെ എംസിസിക്കുവേണ്ടി എം ഗ്രൂപ്പ് കാര്‍ഗോ കമ്പനിയാണ് ഇതിന്‍റ കാര്‍ഗോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഏകദേശം അഞ്ചു കോടി വിലമതിക്കുന്ന അവശ്യ സാധനങ്ങളാണ് ഈ സമാഹാരണത്തിലൂടെ ദുബായ് കെഎംസിസി നാട്ടിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 20 വരെ അവശ്യ സാധനങ്ങള്‍ കെഎംസിസി ആസ്ഥാനത് സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

റിപ്പോർട്ട് : നിഹ് മത്തുള്ള തൈയിൽ