1500 ഹജ്ജ് വോളന്‍റിയര്‍മാരുമായി ഫ്രറ്റേണിറ്റി ഫോറം കര്‍മരംഗത്ത്
Saturday, August 18, 2018 9:01 PM IST
ജിദ്ദ: സൗദി ഗവണ്‍മെന്‍റിനു കീഴിലുള്ള മറാകിസുല്‍ അഹ്‌യയുമായി സഹകരിച്ച് ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

പരിശീലനം ലഭിച്ച, വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള 1500 ഹജ്ജ് വോളന്‍റിയര്‍മാരാണ് കര്‍മരംഗത്തുണ്ടാവുക. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തിയതു മുതല്‍ മക്കയിലും മദീനയിലും ആരംഭിച്ച വോളന്‍റിയര്‍ സേവനം അവസാന ഹാജിയും പുണ്യഭൂമിയില്‍ നിന്ന് മടങ്ങുന്നതു വരെ തുടരും. ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ ആവശ്യപ്രകാരം മക്ക ഹറം പരിസരത്ത് ഫോറത്തിന്‍റെ പ്രത്യേക ഹറം മിഷന്‍ ടീം നാല് സംഘങ്ങളായി 24 മണിക്കൂറും സേവനം നടത്തിവരുന്നുണ്ട്. 150 പേരടങ്ങിയ സംഘം 45 ദിവസം സേവനം ചെയ്തുവരുന്നു. 80,000 ഇന്ത്യന്‍ ഹാജിമാര്‍ ഉപയോഗപ്പെടുത്തുന്ന മസ്ബഹ് ജിന്ന് ബസ് പോയിന്‍റിന്‍റെ നിയന്ത്രണം ഹജ്ജ് മിഷന്‍ ഫോറത്തെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇവിടെ ഹാജിമാര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഫോറം നല്‍കിവരുന്നു. മറ്റ് ബസ് പോയിന്‍റുകളിലും സേവനം ചെയ്യുന്നുണ്ട്.

ഈ വര്‍ഷം മഹ്‌റമില്ലാതെ വനിതാ തീര്‍ത്ഥാടകര്‍ എത്തുന്നത് പരിഗണിച്ച് ഹജ്ജ് മിഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഫ്രറ്റേണിറ്റി വനിതാ വോളന്‍റിയര്‍ കോര്‍ രൂപീകരിച്ച് സേവനം നടത്തിവരുന്നു. മക്കയിലെ ഹജ്ജ് മിഷന്‍റെ രണ്ട് ക്ലിനിക്കുകളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ഫോറത്തിന്‍റെ വനിതാ വോളന്‍റിയര്‍മാരാണ് കര്‍മരംഗത്തുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ വിംഗുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മറാകിസുല്‍ അഹ്‌യയുടെ ആവശ്യപ്രകാരം സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ബഹുഭാഷാ നൈപുണ്യമുള്ള വോളന്‍റിയര്‍മാരെ പരിഭാഷകരായി നിയോഗിച്ചിട്ടുണ്ട്. അറഫ സംഗമത്തിന് ശേഷം മുഴുവന്‍ ഹാജിമാരും മടങ്ങിയെന്ന് ഉറപ്പാക്കുന്നതിന് ഫോറത്തിന്‍റെ സ്‌പെഷല്‍ സെര്‍ച്ച് ടീം അറഫയില്‍ ഹജ്ജ് മിഷന്‍റെ ആംബുലന്‍സ് ഉപയോഗിച്ച് പരിശോധന നടത്തും. മുസ്ദലിഫയിലും സമാനമായ പരിശോധനയുണ്ടാവും. കോണ്‍സല്‍ ജനറലിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ദുല്‍ഹജ്ജ് 13ന് വൈകുന്നേരം ഫോറത്തിന്‍റെ സെര്‍ച്ച് ടീം മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥടകരും തമ്പുകളുടെ നഗരിയായ മിനാ വിട്ടുവെന്നും ഉറപ്പാക്കും.

അറഫദിനത്തില്‍ 250 വോളന്‍റിയര്‍മാണ് 24 മണിക്കൂറും കര്‍മരംഗത്തുണ്ടാവുക. മശാഇര്‍ മെട്രോ സ്‌റ്റേഷനുകളില്‍ ഹാജിമാരുടെ സേവനത്തിന് പരിചയസമ്പന്നരായ വോളന്‍റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മദീനയില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിനു കീഴില്‍ ഹറം പരിസരങ്ങളും ഹാജിമാരുടെ താമസസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അവസാന ഹാജിയും പ്രവാചക നഗരിയോട് വിടവാങ്ങുന്നതു വരെ തുടരും.

അസീസിയ, മക്ക എന്നിവിടങ്ങളിലെ താമസകെട്ടിടങ്ങള്‍ അനായാസം കണ്ടുപിടിക്കുന്നതിന് ഫ്രറ്റേണിറ്റി ഫോറം ആവിഷ്‌കരിച്ച ഹജ്ജ് നാവിഗേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണ പരിഷ്‌കരിച്ച് പുതിയ വേര്‍ഷന്‍ തയാറാക്കി. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മുഴുവന്‍ പുണ്യനഗരികളിലെ ടെന്‍റുകളിലേക്കും കെട്ടിടങ്ങളിലേക്കും വഴികാണിക്കാന്‍ ഈ ആപ്ലിക്കേഷനു സാധിക്കും. മുത്വവ്വിഫ് നമ്പര്‍ എന്‍റര്‍ ചെയ്താല്‍ മാത്രം മതി എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടാതെ മുന്‍ വര്‍ഷത്തെ പോലെ മക്ക, അസീസിയ താമസകെട്ടിടങ്ങളുടെ മാപ്പും വിതരണത്തിന് തയാറായിട്ടുണ്ട്. ബഹുഭാഷാ പരിജ്ഞാനമുള്ള 10 അംഗങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പ്രത്യേക ഹെല്‍പ് ഡെസ്‌ക് 45 ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കേരളത്തിലും തമിഴ്‌നാട്ടിലും ആയിരക്കണക്കിന് ഹാജിമാരെ പങ്കെടുപ്പിച്ച് ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് നടത്തുകയുണ്ടായി. നാട്ടില്‍ നിന്ന് യാത്ര ആരംഭിച്ചതു മുതല്‍ തിരിച്ചെത്തുന്നവരെയുള്ള ഹജ്ജിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മള്‍ട്ടിമീഡിയ പ്രസന്‍റേഷന്‍റെ സഹായത്തോടെ ബോധവല്‍ക്കരിക്കാന്‍ ഇതിലൂടെ സാധിച്ചു.

ഫയിസുദ്ദീന്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ്), മുഹമ്മദ് സാദിഖ് (ഹജ്ജ് കോ-ഓഡിനേറ്റര്‍), അബ്ദുല്‍ റഊഫ് ചേരൂര്‍ (അസി. കോ-ഓഡിനേറ്റര്‍), മുദസ്സിര്‍ മാംഗളൂര്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍), വസീം ചെന്നൈ (മീഡിയ ഇന്‍ചാര്‍ജ്), അബ്ദുല്ല കോയ, അബ്ദുല്‍ ഗഫ്ഫാര്‍ (മക്ക കോ-ഓഡിനേറ്റര്‍മാര്‍) എന്നിവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ റഊഫ് ചേരൂര്‍, മുദസ്സിര്‍ മാംഗളൂര്‍, വസീം ചെന്നൈ, നൗഷാദ് ചിറയിന്‍കീഴ് (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള പ്രസിഡന്റ്), സെയ്ദ് അലി (ഐഎഫ്എഫ് നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ