ഉത്സവപ്രതീതിയുണർത്തി കേളി വാർഷികാഘോഷം
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പതിനാറാമത് വാർഷികത്തിന്റെ (കേളിദിനം 2017) ഭാഗമായി അൽഹയർ അൽഒവൈദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഉത്സവപ്രതീതി ഉളവാക്കി.

നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്ത ആഘോഷപരിപാടികൾ സനയ്യ അർബയിൻ ഏരിയയിലെ കലേശന്റെ ഗാനാലാപത്തോടെ ആരംഭിച്ചു. വിവിധ ഏരിയകളിൽ നിന്നുള്ള കേളി അംഗങ്ങൾ അവതരിപ്പിച്ച അർത്ഥശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തങ്ങൾ, നാടൻ പാട്ടുകൾ, കവിതകൾ തുടങ്ങിയവ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. അൽഖർജ് ഏരിയയിലെ മോഹനനും സംഘവും അവതരിപ്പിച്ച ‘കലാഭവൻ മണിക്കൊരു ട്രിബ്യൂട്ട്’ എന്ന പരിപാടി ശ്രദ്ധേയമായി. നമുക്ക് നഷ്‌ടമായിക്കൊണ്ടിരിക്കുന്ന കേരളത്തനിമയുള്ള നാടൻ കലകളെ ‘നാട്ടുപച്ച’ എന്ന പേരിൽ നസിം ഏരിയയിലെ ജോഷി പെരിഞ്ഞനവും സംഘവും അവതരിപ്പിച്ചു. ഉമ്മുൽഹമാം ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച തിരുവാതിരകളിയും കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സിന്ധു ഷാജിയും സംഘവും അവതരിപ്പിച്ച കരിവെള്ളൂർ മുരളിയുടെ ‘സ്ത്രീ’, അത്തീക്ക ഏരിയ അവതരിപ്പിച്ച ‘ഓർമകൾ ഉണ്ട ായിരിക്കണം’ എന്നീ ദൃശ്യാവിഷ്കാരങ്ങളും സുലൈ ഏരിയയിലെ പുരുഷോത്തമനും സംഘവും അവതരിപ്പിച്ച ‘പൂതപ്പാട്ട്’ എന്നിവ കാണികളെ ഏറെ ആകർഷിച്ചു. സിയാദ് മണ്ണഞ്ചേരി രചിച്ച് ജോബ് കുമ്പളങ്ങിയും സംഘവും ആലപിച്ച അവതരണഗാനം ഏറെ ഹൃദ്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി ശ്രീചന്ദ് സുരേഷും സംഘവും അവതരിപ്പിച്ച ‘ഹലാക്കിന്റെ അവിലും കഞ്ഞിയും’ എന്ന കുട്ടികളുടെ നാടകം അഭിനയ മികവുകൊണ്ടും ഹാസ്യ ചാരുതകൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ അഞ്ചു പരമ്പരാഗത കലാരൂപങ്ങൾ കോർത്തിണക്കി മലാസ് ഏരിയയിലെ ഇ.കെ. രാജീവന്റെ നേതൃത്വത്തിൽ നടന്ന പൂരക്കളിയും ബത്ത ഏരിയയുടെ വട്ടപ്പാട്ടും കോൽകളിയും സുലൈ ഏരിയയിലെ സീബ അനിയുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരകളിയും കുടുംബ വേദിയിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്.*കേളി നാടക സംഘം അവതരിപ്പിച്ച ‘ചന്തീരാനും കൂട്ടരും’ എന്ന നാടകത്തിനുശേഷം നടന്ന ഗാനമേളയോടെ കേളി ദിനം 2017 ആഘോഷപരിപാടികൾക്ക് തിരശീല വീണു.

ആഘോഷപരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് കേളി നടത്തിയ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം ഏവരുടേയും ശ്രദ്ധയാകർഷിച്ചു. സിജിൻ കൂവള്ളൂരിന്റെ നേതൃത്വത്തിൽ കേളി സൈബർ വിഭാഗം സംഘടിപ്പിച്ച കഴിഞ്ഞ 16 വർഷത്തെ കേളിയുടെ ചരിത്രം വിളിച്ചോതുന്ന വീഡിയോ പ്രദർശനം ഏവരേയും ആകർഷിച്ചു.

മലബാർ ടെയ്സ്റ്റ് ആയിരുന്നു കേളി ദിനം 2017ന്റെ മുഖ്യപ്രായോജകർ. ഇൻഡോമി, അമൽ പ്രിന്റിംഗ് പ്രസ് എന്നിവർ സഹപ്രായോജകരായിരുന്നു. കെ.പി.എം. സാദിഖ് കൺവീനറും ശ്രീകാന്ത് കണ്ണൂർ ചെയർമാനുമായ സംഘാടകസമിതി, കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം എന്നിവർ വാർഷികാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ടി.ആർ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സിയാദ് മണ്ണഞ്ചേരി, രാജു നീലകണ്ഠൻ, നൗഫൽ പൂവക്കുറിശി, സിജിൻ കൂവള്ളൂർ, മഹേഷ് കൊടിയത്ത്, ജോഷി പെരിഞ്ഞനം, സിന്ധു ഷാജി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.*