പത്തനംതിട്ട ജില്ലാ അസോസിയേഷൻ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു
Wednesday, January 11, 2017 9:17 AM IST
കുവൈത്ത്: കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോപ്പ് സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അൻപത് സ്കൂളുകളിൽ നിന്നായി നാമ നിർദേശം ചെയ്യപ്പെട്ട സാമൂഹ്യപരമായും സമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരും എന്നാൽ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവരുമായ നൂറ് കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

സംസ്‌ഥാന സ്കൂൾ കായിക മേളയിൽ നേട്ടം കൈവരിച്ച അനന്ദു വിജയൻ, വിജയ് ബിനോയ്, തായ്ലൻഡ് ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അഖില അനിൽ, സംസ്‌ഥാന സർഗോത്സവത്തിൽ തിളങ്ങിയ സഫൽദാസ്, സിദ്ധാർഥ്, പ്രവർത്തിപരിചയമേളയിൽ എ ഗ്രേഡ് നേടിയ അനഘ ജയൻ, അജോ റെജി, അൻസൻ ഉമ്മൻ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. അട്ടത്തോട് ഗവൺമെന്റ് െരടെബൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി അടുത്ത അധ്യയന വർഷത്തേയ്ക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള തുകയ്ക്കുള്ള ചെക്കും സ്കൂൾ പ്രതിനിധികൾക്ക് കൈമാറി.

വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പാഠ്യേതര വിഷയങ്ങളിൽ നേട്ടം കൈവരിച്ചവർക്കുള്ള സ്കോളർഷിപ്പ് അടൂർ പ്രകാശ് എംഎൽഎയും നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ, പത്തനംതിട്ട റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാ ദിവാകരൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ, മുൻ നഗരസഭാ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി ബെന്നി ജോർജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഏബ്രഹാം ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

ഹോപ്പ് പ്രോജക്ട് കോ ഓർഡിനേറ്റർ ജിതിൻ ജോസ്, ജനറൽ കൺവീനർ പി.ടി. ശാമുവൽകുട്ടി, ഏരിയ കോ ഓർഡിനേറ്റർ ബിജു വർഗീസ്, പത്തനംതിട്ട കോ ഓർഡിനേറ്റർമാരായ പോൾ മോൻ, ഗീത ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ