യോഗ്യരായ തദ്ദേശീയ തൊഴിലാളികളെ കണ്ടെത്താൻ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് സന്ദർശിക്കുക: ഖാലിദ് അബാഖൈൽ
Thursday, January 12, 2017 8:43 AM IST
ദമാം: സൗദിയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് വീസക്ക് അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് പ്രസ്തുത ജോലിക്ക് യോഗ്യരായ സ്വദേശികളുണ്ടോ എന്നു പരിശോധിക്കണമെന്ന് സൗദി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം നിർദേശിച്ചു.

യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിക്കാവുന്നതാണ്. 14 മുതൽ 45 ദിവസം വരേയാണ് വെബ് സൈറ്റിൽ ഇതിനായി പരസ്യം ചെയ്യേണ്ടതെന്ന് തൊഴിൽ സാമുഹ്യ ക്ഷേമ മന്ത്രാലയം വക്‌താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. കൂടുതൽ ദിവസം പരസ്യം ചെയ്യുന്നതിലൂടെ യോഗ്യരായ സ്വദേശികളെ കണ്ടെത്താൻ തൊഴിലുടമകൾക്കു കഴിയുമെന്നും ഇതിലൂടെ വിദേശികളെ കൊണ്ടുവരുന്നത് ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ കൂടി വരുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 11.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ 12 ശതമാനത്തിലേറെയായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വിപുലമായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം