സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
Saturday, January 14, 2017 5:38 AM IST
റിയാദ്: സൗദിയിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ വിദേശികൾക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതൽ പൊതുമാപ്പ് നിലവിൽ വരും. എന്നാൽ നിയമവിരുദ്ധ പിഴകൾക്കും ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

ജനുവരി 15 മുതൽ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തങ്ങുന്ന ഹജ്‌ജ്, ഉംറ തീർഥാടകർക്കും പൊതുമാപ്പ് ബാധകമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനധികൃത താമസക്കാരെ കയറ്റിവിടുമ്പോൾ വിരലടയാളം എടുത്ത് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കേർപ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലാവധിയിൽ ഉണ്ടാവില്ലെന്നതാണ് എറ്റവും അനുകൂല ഘടകം.

യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി ലേബർ ഓഫീസ് മുഖേന രേഖകൾ പൂർത്തീകരിച്ച് പാസ്പോർട്ട് ഓഫീസിനെ സമീപിച്ച് ഫൈനൽ എക്സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവർ രാജ്യം വിടേണ്ടത്. ലളിതമായ ഒമ്പത് നടപടികൾ പൂർത്തിയാക്കിയാണ് രാജ്യം വിടാനുള്ള രേഖകൾ പൂർത്തീകരിക്കേണ്ടത്. എപ്രിൽ 12 വരെയാണ് പൊതുമാപ്പ് കാലാവധി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ