ഫോക്കസ് കളേഴ്സ് ഡേയും പുതുവത്സരഘോഷവും
Monday, January 16, 2017 5:16 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളുടെ കലാഭിരുചി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കളേഴ്സ് ഡേയും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.

അബാസിയ ജമിയ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത ചിത്രകാരൻ ഡോ. ജോൺ ആർട്സ് കലാഭവൻ ഉദ്ഘാടനം ചെയ്തു. ഫോക്കസ് പ്രസിഡന്റ് തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുകേഷ് കാരയിൽ ട്രഷറർ മുഹമ്മദ് ഫാറൂക്ക്, പ്രോഗ്രാം കൺവീനർ സി.ആർ. രാജീവ്, ജോയിന്റ് കൺവീനർ സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

എൽകെജി മുതൽ പത്തു വരെയുള്ള വിദ്യാർഥികളെ നാല് വിഭാഗങ്ങളായും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗങ്ങളായും തിരിച്ചു നടത്തിയ മത്സരത്തിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെന്റർ ഫോർ ഓട്ടിസം ഡയറക്ടറും പ്രശസ്ത കൗൺസിലറുമായ ഡോ. മിനി കുര്യൻ കോടിയാട്ട് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസെടുത്തു. ഫോക്കസ് ദാശോൽസവത്തോടനുബന്ധിച്ച് നടന്ന റാഫിൽ സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. തുടർന്ന് റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. പി.കെ. സുനിൽ കുമാർ,സജി ജോയ്, ഷാജു എം. ജോസ്, രശ്മി രാജീവ്, പ്രവർത്തക സമതി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ