ഇന്ത്യക്കാർക്കുനേരെയുള്ള അതിക്രമങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകും: ഇന്ത്യൻ അംബാസഡർ
Thursday, January 19, 2017 7:21 AM IST
കുവൈത്ത് സിറ്റി: അബാസിയയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ കുവൈത്തിലെ ഇന്ത്യൻ എംബസി ആവുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉറപ്പു നൽകി.

കുവൈത്തിൽ സന്ദർശം നടത്തുന്ന ഇടുക്കി എംപി ജോയ്സ് ജോർജും കല കുവൈറ്റ് നേതാക്കളും ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനെ സന്ദർശിച്ച് നടത്തിയ ചർച്ചയെതുടർന്നാണ് അംബാസഡർ ഈ ഉറപ്പു നൽകിയത്.

വ്യാഴാഴ്ച എംബസി അധികൃതർ ഫർവാനിയ ഗവർണറെ കണ്ട് അബാസിയ മേഖലയിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കും. കഴിഞ്ഞ ദിവസം ചില അറബ് വംശജരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി രംഗസ്വാമിയെ വ്യാഴാഴ്ച എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കും.

കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന മറ്റു നിരവധി വിഷയങ്ങളും സംഘം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചടങ്ങിൽ കല കുവൈറ്റ് ജനറൽസെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്‍റ് കെ.വി.നിസാർ, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, സജി തോമസ് മാത്യു എന്നിവരും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാശിഷ് ഗോൾഡാർ, കെ.കെ. പഹേൽ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ