ഇന്ത്യക്കാർക്കുനേരെയുള്ള അക്രമം: നടപടിവേണം ഒഐസിസി
Thursday, January 19, 2017 7:24 AM IST
കുവൈത്ത്: അബാസിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് കുവൈത്ത് അധികൃതരിൽ സമ്മർദ്ദം ചെലുത്താൻ ഒഐസിസി പ്രതിനിധി സംഘം ഇന്ത്യൻ എംബസിയിക്ക് പരാതി നൽകി.

വീട്ടുജോലിക്കാരായ സാധാരണ സ്ത്രീകളും പുരുഷ നഴ്സും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾക്ക് വിധേയരായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പേഴ്സ്, സ്വർണം, ബാങ്ക് കാർഡ്, വാച്ച്, ദിനാറുകൾ തുടങ്ങിയവ നഷ്ടപ്പെടുകയും മാരകമായി ദേഹോപദ്രവവും ഏൽപ്പിക്കുകയും ചെയ്തു.

ഒഐസിസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംബസിയുടെ ഭാഗത്തുനിന്നും കോണ്‍സുലാർ ഡിപ്പാർട്ട്മെന്‍റ് ഓഫ് കുവൈറ്റ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്, ഫർവാനിയ ഗവർണർ, പോലീസ് അധികാരികൾ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി പോലീസ് പട്രോളിംഗും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികൾ എടുക്കുമെന്ന് എംബസി അധികാരികൾ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകി.

ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ, ഡിസിഎം സുഭാശിഷ് ഗോൾഡർ, സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ എന്നിവരെ ഒഐസിസി ആക്ടിംഗ് പ്രസിഡന്‍റ് എബി വാരിക്കാടിന്‍റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്‍റ് ശാമുവൽ ചാക്കോ, വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ എന്നിവരാണ് സന്ദർശിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ