മുജാഹിദ് ഐക്യം: മസ്കറ്റിൽ പുതിയ കമ്മിറ്റി
Thursday, January 19, 2017 10:06 AM IST
മസ്കറ്റ്: കേരള മുസ് ലിം നവോഥാന ചരിത്രത്തിൽ ശ്രദ്ധേയവും മാതൃകാ
പരവുമായ നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനം ഐക്യപ്പെട്ടതിന്‍റെ ഭാഗമായി ഒമാനിലെ ഇസ് ലാഹി സെന്‍ററുകൾ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

കാൽ നൂറ്റാണ്ടിലേറെയായി തൗഹീദി പ്രബോധന രംഗത്തും വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലും നിറ സാന്നിധ്യമായ ഇസ് ലാഹി സെന്‍ററുകൾ കഴിഞ്ഞ പതിനാലു വർഷങ്ങളായി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ, മസ്കറ്റ് ഇസ് ലാഹി സെന്‍റർ എന്നീ പേരുകളിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. കേരളാ നദ് വത്തുൽ മുജാഹിദിന്‍റെ പോഷക ഘടകമായി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഒമാൻ എന്ന നാഷണൽ കമ്മിറ്റിക്ക് കീഴിലായിരിക്കും ഒമാനിലെ വിവിധ ഏരിയകളിലെ ഇസ് ലാഹി സെന്‍ററുകൾ ഇനി മുതൽ പ്രവർത്തിക്കുക.

ഇസ് ലാഹി പ്രബോധകരെ അകാരണമായി വേട്ടയാടാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രവാസ ലോകത്ത് തുറന്നു കാട്ടാനും ഒറ്റക്കെട്ടായി നേരിടാനുമുള്ള ഭാവി പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കും. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മസ്കറ്റിൽ ഇസ് ലാഹി ഐക്യ സമ്മേളനം നടത്താനും സംയുക്ത യോഗത്തിൽ തീരുമാനമായി.

ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്‍റായി മുഹമ്മദ് അഷ്റഫ് ഷാഹിയും ജനറൽ സെക്രട്ടറിയായി ഹാഷിം അംഗടി മുഗറൂം ട്രഷറർ മുനീർ എടവണ്ണ എന്നിവരേയും തെരഞ്ഞെടുത്തു. ഹുസൈൻ മാസ്റ്റർ, പൊന്നാനി അബൂബക്കർ, സിറാജ് ഞെളാട്ട്, കാസർഗോഡ് അബ്ദുൾഖാദർ, അക്ബർ സാദിഖ്, നൗഷാദ് മരിക്കർ വൈസ് പ്രസിഡന്‍റുമാരായും മുജീബ് കടലുണ്ടി, ജരീർ പാലത്ത്, നജീബ് കുനിയിൽ, അജ്മൽ ചങ്ങരംകുളം, അബ്ദുറസാഖ് തിരൂർ, അനീസ് ന·ണ്ട എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം