സി.കെ. ഹസൻ കോയക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്
Saturday, January 21, 2017 10:27 AM IST
ദോഹ: ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍റെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ അവാർഡിന് സി.കെ. ഹസൻ കോയയെ തെരഞ്ഞെടുക്കപ്പെട്ടു.
ഗൾഫിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസിന്‍റെ ന്യൂസ് എഡിറ്റർ എന്ന നിലയിൽ കഴിഞ്ഞ പതിനെട്ട് വർഷക്കാലം അദ്ദേഹം ചെയ്ത സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് എന്ന് ഗിഫ ചെയർമാൻ പ്രഫ. അബ്ദുൾ അലി പറഞ്ഞു.

25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജനുവരി 30ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പ്രഫ. എം. അബ്ദുൾ അലി ചെയർമാനും അമാനുള്ള വടക്കാങ്ങര ചീഫ് കോഓർഡിനേറ്ററുമായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കോഴിക്കോട് ജില്ലയിലെ കരുവൻതുരുത്തി സ്വദേശിയായ ഹസൻ കോയ നാല് വർഷത്തോളം നാവിക സേനയിൽ ജോലി ചെയ്തിട്ടുണ്ട്. പതിനെട്ട് വർഷത്തോളം ചന്ദ്രിക ദിനപത്രത്തിൽ ജോലി ചെയ്ത അദ്ദേഹം മലയാളം ന്യൂസിന്‍റെ ലോഞ്ചിംഗ് ടീമിൽ അംഗമായിരുന്നു.

പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യുജെ) സംസ്ഥാന വൈസ് പ്രസിഡന്‍റ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ തൃശൂർ ജില്ലയിലെ കാട്ടൂരിലാണ് താമസം.

ഭാര്യ ടി.എ. റാഹില. മക്കൾ: ഇർഷാദ് ഹസൻ (ഫാറൂഖ് കോളജ് കായിക വകുപ്പ് മേധാവി), അനീസ് ഹസൻ (ജിദ്ദ).