സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായി സാന്ത്വനം കുവൈറ്റ് പതിനാറാം വാർഷിക പൊതുയോഗം
Tuesday, January 24, 2017 12:32 AM IST
കുവൈത്ത്: കുവൈത്തിലും നാട്ടിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിയ സാന്ത്വനം കുവൈറ്റ് പതിനാറാം വാർഷികം പൂർത്തിയാക്കിയതിന്‍റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ കാല പ്രവർത്തനങ്ങളെ വിലയിരുത്തുവാനും വരുംകാല പ്രവർത്തനങ്ങളുടെ കർമരേഖ തയാറാക്കുവാനുംവേണ്ടി ചേർന്ന യോഗത്തിൽ സംഘടനയുടെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും കുവൈറ്റ് പ്രവാസി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇന്ത്യൻ എംബസി പ്രതിനിധി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. കുവൈത്തിലെ ജനറൽ സെക്രട്ടറി വി.ഡി. പൗലോസ് വാർഷിക റിപ്പോട്ടും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണവും നൽകി. ജോയിന്‍റ് ട്രഷറർ കെ.എസ്. അനിൽകുമാർ സാന്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടി. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ കണക്കുകളും പ്രവര്ത്തനങ്ങളുടെ വിശദവിവരങ്ങളും ഉൾക്കൊള്ളുന്ന വാർഷിക സുവനീർ ന്ധസ്മരണിക 2016’ പ്രകാശനം ചെയ്തു.

സാന്ത്വനത്തിന്‍റെ കഴിഞ്ഞ പതിനാറു വർഷത്തെ പ്രവർത്തനത്തിനിടയിൽ 9000ലധികം വരുന്ന നിർധനരും നിസഹായരുമായ രോഗികൾക്കായി 7.94 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമെത്തിക്കുവാൻ സംഘടനക്ക് കഴിഞ്ഞതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2016 പ്രവർത്തനവർഷത്തിൽ മാത്രമായി കുവൈത്തിലും നാട്ടിലുമുള്ള 1202 രോഗികളുടെ ചികിത്സക്കായി 1.32 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാക്കിയത്. ഇതിൽ നാട്ടിലുള്ള ആയിരത്തിലധികം രോഗികളും കുവൈറ്റിലെ അന്പതോളം രോഗികളും ഉൾപ്പെടുന്നു. 2750 ഓളം വരുന്ന അംഗങ്ങൾ നല്കുന്ന സംഭാവനകളും സംഘടന പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനീറിലേക്ക് പരസ്യങ്ങൾ വഴി ലഭിക്കുന്ന അധിക വരുമാനവുമാണ് സഹായങ്ങൾക്കായി വിനിയോഗിക്കുന്നത്.

മാസം തോറും മുടങ്ങാതെ അർഹതപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിക്കുന്നതോടൊപ്പം എല്ലാ വർഷവും ചില പ്രത്യേക സഹായ പദ്ധധികൾ കൂടി സാന്ത്വനം ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലേക്കും മെഡിക്കൽ കോളജിലേക്കും വരുന്ന രോഗികൾക്കായുള്ള സൗജന്യ താമസ സൗകര്യവും (ട്രിഡ വിസരം സങ്കേത്), കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാൻസർ കെയർ സെന്‍ററിലെ രോഗികൾക്ക് മരുന്ന്, പോഷകാഹാരങ്ങൾ, ചികിത്സ സഹായങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഫിസിയോ തെറാപ്പി യൂണിറ്റ്, കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്കായി തിളപ്പിച്ച കുടി വെള്ള പദ്ധതി, ഹീമോഫീലിയ രോഗികൾക്കു വേണ്ടിയുള്ള പ്രത്യേക ചികിത്സാ പദ്ധതി, കൊച്ചി കാൻസർ സൊസൈറ്റിയുടെ മൊബൈൽ മാമ്മോഗ്രം യൂണിറ്റിനുള്ള സഹായം, കോഴിക്കോട്ടെ ലിസ സ്വാന്തന ശുശ്രൂഷാ സെന്‍ററിന് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനുള്ള സഹായം, ഓട്ടിസം ബാധിച്ചവർക്കായുള്ള SENSORY INTEGRATION THERAPY CENTER വയനാട്ടിൽ ശാന്തി ഡയാലിസിസ് സെന്‍ററിന് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായം, ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്‍റർ അട്ടപാടിയിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റിനുള്ള സഹായം, തുടങ്ങിയ നിരവധി പദ്ധതികൾ സാന്ത്വനം മുൻകാലങ്ങളിൽ ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രത്യേക സാമൂഹ്യ ക്ഷേമ പദ്ധതികളാണ്.

2016 ലെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി സമൂഹത്തിനു ക്ഷേമകരമായ നിരവധി പദ്ധതികളാണ് നടപ്പിൽ വരുത്തിയത്. ഇതിൽ കോഴിക്കോട്ടുള്ള സർക്കാർ ജനറൽ ആശുപത്രിയിൽ നിലവിലുള്ള രക്തബാങ്കിനോട് ചേർന്ന് ഒരു ബ്ലഡ് കന്പോണന്‍റ് സപ്പറേഷൻ യൂണിറ്റിനുള്ള കെട്ടിടം നിർമിച്ചു നൽകുക, കേരളത്തിലെ വിവിധ ജില്ലകളിൽ മാരക രോഗം ബാധിച്ച കുട്ടികളുടെ രോഗ ചികിസാ പ്രവർത്തനങ്ങൾക്കുവേണ്ടി സൊലാസ് തൃശൂരുമായി സഹകരിച്ചുകൊണ്ടുള്ള ആരോഗ്യസംരക്ഷണ പദ്ധതി, കേരളത്തിലെ വിവിധ ജില്ലകളിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങളെ സാന്പത്തികമായി സഹായിക്കുന്ന പദ്ധതി, ആദിവാസി ഉൗരുകളിലെ വിദ്യാർഥികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി എന്നിവ ഉൾപ്പെടുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നടത്തിപ്പോരുന്ന പദ്ധതികളായ ട്രിഡ വിശ്രമം സങ്കേത്, കൊല്ലം കാൻസർ കെയർ സെന്‍റർ എന്നിവയുടെ തുടർ നടത്തിപ്പും ഉൾപ്പെടുന്നു.

ചർച്ചകൾക്കുശേഷം 2017 ലെ ഭാരവാഹികളായി എം.എൻ. രവീന്ദ്രൻ പ്രസിഡന്‍റ് ആയും സന്തോഷ് ജോസഫ് സെക്രട്ടറിയായും അബ്ദുൾ സത്താർ ട്രഷററുമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഉപദേശക സമിതി, എക്സിക്യൂട്ടിവ് കമ്മിറ്റി, പ്രവർത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ