അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിൽ
Tuesday, January 24, 2017 3:09 AM IST
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ജനുവരി 24ന് (ചൊവ്വ) ഇന്ത്യയിലെത്തും. ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.

പരേഡിൽ ഇന്ത്യൻ സേനാംഗങ്ങൾക്കൊപ്പം യുഎഇയുടെ സേനാംഗങ്ങളും മാർച്ച് പാസ്റ്റിൽ പങ്കെടുക്കും. ഇതു രണ്ടാം തവണയാണ് ഒരു വിദേശരാജ്യത്തിന്‍റെ സേനാംഗങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ചടങ്ങിൽ ഫ്രാൻസിന്‍റെ സേനാംഗങ്ങളാണ് ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്.

ബുധനാഴ്ച അദ്ദേഹത്തിന് രാഷ്ട്രപതി ഭവനിൽ ഒൗദ്യോഗികമായി സ്വീകരണം നൽകും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസിലാകും കൂടിക്കാഴ്ച. വൈകുന്നേരം ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുമായും ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ചർച്ച നടത്തും.

യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ കൂടിയായ അൽ നഹ്യാന്‍റെ സന്ദർശനം വ്യാപാരമേഖലയിലും സുരക്ഷാകാര്യങ്ങളിലുമുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.