കേളി ഇടപെടലിലൂടെ ഷാനവാസ് നാടണഞ്ഞു
Tuesday, February 21, 2017 7:23 AM IST
റിയാദ്: കേളി ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഷാനവാസ് നാടണഞ്ഞു. ഒരു വർഷം മുൻപാണ് ഹൗസ് ഡ്രൈവർ വീസയിൽ മലപ്പുറം ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശി പറന്പിൽ പീടികയിൽ ഷാനവാസ് റിയാദിലെത്തിയത്. അഞ്ചു മാസത്തോളം ഹൗസ് ഡ്രൈവറായി ജോലി ചെയ്തിട്ടും സ്പോണ്‍സർ ഡ്രൈവിംഗ് ലൈസൻസ് എടുത്തു നൽകുകയോ ശന്പളം നൽകുകയോ ചെയ്തില്ല.

തുടർന്നു എംബസിയിൽ പരാതി നൽകുകയും എംബസിയുടെ നിർദ്ദേശപ്രകാരം ലേബർ ഓഫീസിൽ പരാതിപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസമായി കേസുമായി നടന്ന ഷാനവാസിന് പിന്നീട് അറിയാൻ കഴിഞ്ഞത് സ്പോണ്‍സർ തന്നെ ഹുറൂബ് ആക്കുകയും ലേബർ കോടതിയിലെ കേസ് തന്‍റെ അറിവില്ലാതെ പിൻവലിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരമാണ്. ലേബർ കോടതിയിൽ കേസ് കാണാതായപ്പോൾ വീണ്ടും പുതിയ പരാതി സമർപ്പിക്കാനാണ് നിർദ്ദേശം കിട്ടിയത്. ജോലിയും ശന്പളവുമില്ലാതെ കഴിഞ്ഞ എട്ടു മാസത്തോളമായി സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന ഷാനവാസിന് ഇനിയും ഇവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ കേളി പ്രവർത്തകനായ സമദ് അരീക്കോടിനെ ബന്ധപ്പെട്ട് തന്‍റെ അവസ്ഥ വിവരിക്കുകയായിരുന്നു. തുടർന്നു കേളി കേന്ദ്രജീവകാരുണ്യവിഭാഗം കണ്‍വീനർ കാപ്പിൽ ബാബുരാജിന്‍റെ സഹായത്തോടെ എംബസിയിൽ നിന്ന് ആവശ്യമായ രേഖകൾ ശരിയാക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഷാനവാസിന് നാട്ടിലേക്ക് തിരിച്ചുപോകാനായി.