ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ സ്വന്തം ഭാഷയിൽ
Tuesday, February 21, 2017 10:20 AM IST
ദുബായ്: ഡ്രൈവിംഗ് ലൈസൻസിനുള്ള തിയറി പരീക്ഷയിൽ ചോദ്യങ്ങൾ സ്വന്തം ഭാഷയിൽ മനസിലാക്കാൻ സൗകര്യമൊരുക്കി റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി പുതിയ സംവിധാനം ആരംഭിക്കുന്നു. പരീക്ഷ എഴുതുന്നവർക്ക് അവർക്കുവേണ്ട ഭാഷ തിരഞ്ഞെടുക്കാമെന്നാണു പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇതിനായി 198 ഭാഷകളിൽ ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കും. നിയമങ്ങൾ വ്യക്തമായി മനസിലാക്കാനും ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കാനുമാണ് പുതിയ നടപടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഇതു സംബന്ധിച്ച കരാറിൽ ക്രിയേറ്റീവ് കന്പനി ഈവന്‍റ്സുമായി ഒപ്പിട്ടു. സ്കൈപ് കമ്യൂണിക്കേഷൻ സേവനത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ളതാണു ക്രിയേറ്റീവ് കന്പനി ഈവന്‍റ്സ് എന്ന് അധികൃതർ പറഞ്ഞു. ഇതനുസരിച്ച് ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും ആർടിഎ സെന്‍ററുകളിൽ പരീക്ഷയെഴുതുന്നവരുമായി ആശയവിനിമയം നടത്താൻ ഭാഷാന്തരം ചെയ്യുന്നവരെ സ്കൈപ് ഫോണ്‍ സാങ്കേതിക വിദ്യ കന്പനി നൽകും.

ടെലിഫോണ്‍ ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതിന്‍റെ ചെലവ് കന്പനി വഹിക്കും. ആർടിഎ തിയറി പരീക്ഷയിൽ കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ദ്വിഭാഷിയെ വേണമെങ്കിൽ ഏഴുദിവസം മുന്പ് പരീക്ഷാർഥി ഏതു ഭാഷയെന്നു വ്യക്തമാക്കി നിർദിഷ്ട ഫീസ് അടച്ച് അപേക്ഷ നൽകണം. ഏതു ഭാഷയാണ് ആവശ്യമെന്നതിനെക്കുറിച്ച് ആർടിഎ കന്പനിയെ അറിയിക്കും. ദ്വിഭാഷി നിഷ്പക്ഷമതിയാണെന്നും നിർദിഷ്ട ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ ആർടിഎയുടെ നിരീക്ഷണ സംവിധാനവുമുണ്ട്. ആർടിഎയുടെ സ്മാർട് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഇത് ഉറപ്പാക്കുന്നത്.