ദുബായിൽ ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മാർച്ച് നാലിന്
Wednesday, February 22, 2017 4:43 AM IST
ദോഹ: സംരംഭങ്ങൾ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സംഗമം മാർച്ച് നാലിന് ദുബായിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും.

കേരളത്തിൽ നിന്നുമുളള ഇരുനൂറ് സംരംഭകരും ഗൾഫ് മേഖലയിൽ നിന്നുള്ള ഇരുനൂറുപേരും സംഗമത്തിൽ പങ്കെടുക്കും.

മാർച്ച് നാലിന് രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ നടക്കുന്ന സംഗമം ഒൻപത് സെഷനുകൾ ഉൾക്കൊള്ളുന്നതാണെന്ന് ചെയർമാൻ മഞ്ചേരി നാസർ പറഞ്ഞു. പുതിയ സംരംഭങ്ങളെക്കുറിച്ചും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുംവേണ്ട ആത്മവിശ്വാസവും അറിവും വ്യവസായം തുടങ്ങാനുള്ള കൃത്യമായ നിയമ വശങ്ങളുമൊക്കെ വിദഗ്ധരിൽ നിന്നും നേരിട്ട് അറിയുവാനും വ്യവസായികളുടെ അനുഭവകഥകൾ, അവരെ പരിചയപെടാനുള്ള അവസരങ്ങൾ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന സെഷൻ, വിവിധ രാജ്യങ്ങളിൽ നിന്നു വന്നവരെ പരിചയപെടാനും ആശയങ്ങൾ കൈമാറാനുമുള്ള അവസരം, കഴിവുറ്റ ബിസിനസ് വ്യക്തികളെ ആദരിക്കൽ, ദുബായിയുടെ വരുംകാല സാധ്യതകൾ, മറ്റു വിലയേറിയ വിവരണങ്ങൾ, ജോലി വ്യവസായ നിക്ഷേപ സാധ്യതകൾ തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒന്പത് സവിശേഷതകൾ, ഒന്പത് ഗുണങ്ങൾ, ഒന്പതിന കർമ പദ്ധതികൾ എന്നിവയടക്കം കൃത്യമായ തത്വങ്ങളിലൂടെയും പ്രവർത്തന പദ്ധതികളിലൂടെയുമാണ് 99 എന്ന ആശയം വളരുന്നത്. സമൂഹത്തിലെ വ്യവസ്തിഥികൾ മാറ്റും മുന്പ് മനസ്ഥിതിയെ മാതൃകപരമായി മാറ്റാൻ ഉതകുന്ന പോസിറ്റീവ് സർക്കിൾ വിവിധയിടിങ്ങളിൽ സൗജന്യമായി നടന്നു വരുന്നു. മുതിർന്ന പൗരൻമാരേയും മറ്റു വ്യത്യസ്ത വ്യക്തി പ്രഭാവങ്ങളെയും ആദരിക്കുന്ന സല്യൂട്ട് ദ സീനിയർ സിറ്റീസണ്‍ ആൻഡ് ദ എക്സ്പേർട്സ്, പ്രശ്ന പരിഹാരത്തിനായി പ്രഫഷണൽ മാസ്റ്റർ മൈൻഡ് പ്രോഗ്രാമുകൾ, ആഴമേറിയ പഠനത്തിനും വളർച്ചക്കും പ്രോഗ്രാം മാനേജ്മെന്‍റ്, നിലവാരമുള്ള സൗഹൃദ വലയം നിർമിക്കാൻ നെറ്റ്വർക്ക് അപ്ഡേഷൻ, നിരന്തരമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കാൻ ട്രെയിനിംഗ് സൊല്യൂഷൻസ്. സത്യസന്ധമായ വിപണിയെ ശക്തിപ്പെടുത്തുന്ന മാർക്കറ്റിംഗ് ഇൻക്യൂബേറ്റർ, നൂറുകണക്കിന് വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ സഞ്ചരിക്കൽ സാധ്യമാക്കുന്ന ആശയസഞ്ചയ കേന്ദ്രം ഐഡിയ ഫാക്ടറി സിസിഡി 2025 കാലഘട്ടത്തിൽ ഓണ്‍ലൈനായും ഓഫ്ലൈനായും ബൃഹത്തായ സേവനങ്ങൾ ലഭ്യമാക്കുന്ന ന്യൂ ജെൻ കോണ്‍സെപ്റ്റ് എന്നീ ഒന്പത് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്പോഴാണ് 99 ദ പ്രഫഷണൽ സൊല്യൂഷൻ ബാങ്ക് എന്ന ആശയം അർഥപൂർണമാവുന്നത്.

ഒരു ഐഡിയ മതി ജീവിതം മാറ്റി മറിക്കാനെന്നാണ് പരസ്യ വാചകം. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും നിരവധി പരിഹാരങ്ങളും ഐഡിയകളും നൽകുന്ന ഫാക്ടറിയാണ് 99 ഐഡിയ ഫാക്ടറി സിസിഡി എന്ന കൂട്ടായ്മ. വർഷങ്ങളുടെ ഗവേഷണവും പഠനവും പരിചയവുമൊക്കെ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ സമൂഹത്തിൽ വിപ്ളവകരമായ മാറ്റമുണ്ടാക്കുവാൻ കഴിയുമെന്ന തിരിച്ചറിവാണ് ഈ സംരംഭത്തിന് പ്രേരകം. പുത്തൻ ആശയങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിതരണം എന്നിവയാണ് സംരംഭത്തിന്‍റെ പ്രധാന ദൗത്യം. വ്യത്യസ്ഥമായി ചിന്തിക്കുകയും ജീവിതവും വ്യാപാരവുമൊക്കെ വിജയകരമായി കൊണ്ടുപോവുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളും ചിന്തകളുമാണ് ഐഡിയ ഫാക്ടറിയുടെ പ്രത്യേകത.

ബിസ് 2017 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്ന സംരംഭകർക്ക് മാത്രമായിരിക്കും. സമ്മേളനത്തിന്‍റെ ഖത്തർ കോഓർഡിനേറ്റർ മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങരയാണ്.

ഐഡിയകൾ ആവശ്യമുള്ളവർക്കും പങ്കുവയ്ക്കുവാനാഗ്രഹിക്കുന്നവർക്കും സംഗമത്തിൽ പങ്കെടുക്കാം.

വിവരങ്ങൾക്ക്: 55526275, 70413301.