ഇ അഹമ്മദ് സ്മാരക അവാർഡ്
Thursday, February 23, 2017 7:35 AM IST
റിയാദ് : മുൻ കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്‍റെ ഓർമയ്ക്കായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡുകൾ നൽകാൻ റിയാദ് മട്ടന്നൂർ മണ്ഡലം കെ എംസിസി തീരുമാനിച്ചു.

കണ്ണൂർ ജില്ലയിലെ ജനാധിപത്യ മതേതര സമൂഹത്തിന്‍റെ കെട്ടുറപ്പിനുവേണ്ടി പ്രവർത്തിക്കുന്ന മികച്ച പൊതുപ്രവർത്തകൻ, മട്ടന്നൂർ മണ്ഡലത്തിൽ മുസ് ലിം ലീഗ് പാർട്ടിക്കു വേണ്ടി വര്ഷങ്ങളായി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകൻ, മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടുന്ന മൂന്നു വിദ്യാർഥികൾക്കുമാണ് ഇ. അഹമ്മദ് സ്മാരക അവാർഡുകൾ സമ്മാനിക്കുക.

ഇ. അഹമ്മദ് ഉയർത്തിപ്പിടിച്ച രാജ്യ താല്പര്യങ്ങളും മതേതര മൂല്യങ്ങളും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന്‍റെ ഭാഗമായാണ് അവാർഡ് എന്ന് ഭാരവാഹികൾ അറിയിച്ചു.

റിയാദ് മലാസിൽ എൻ.എൻ. നാസറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹാഷിം നീർവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എംസിസി കോഓർഡിനേറ്ററായി പി.പി. ജലീൽ കളറോഡിനെ തെരഞ്ഞെടുത്തു. മാർച്ച് 24ന് റിയാദിൽ നിശാ ക്യാന്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഷഫീഖ് കൂടാളി, ലിയാഖത്ത് നീർവേലി, ടി. അഷ്റഫ്, മമ്മാലി ആയിപ്പുഴ, ഷഫീഖ് കയനി, റസാഖ് മണക്കായി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ