കരിപ്പൂർ എയർപോർട്ടിന്‍റെ ചിറകരിയുന്നതിനെതിരെ ഒന്നിക്കുക
Thursday, February 23, 2017 7:49 AM IST
ജിദ്ദ: ഒറ്റകെട്ടായ നിരന്തര പോരട്ടത്തിലൂടെ മാത്രമേ കരിപ്പൂർ എയർപോർട്ടിന്‍റെ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെന്‍റർ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കരിപ്പൂർ എയർപോർട്ടിന്‍റെ ചിറകരിയുന്നതിനെതിരെ വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ നടത്തുന്ന പ്രതിഷേധ മാർച്ചിന് മുഴുവൻ പ്രവാസികളുടെയും ഐക്യദാർഡ്യം ഉണ്ടാവണം. വൻകിട വ്യവസായ ലോബികളും രാഷ്ട്രീയ നേതൃത്വവും ഒത്തുചേർന്ന് കരിപ്പൂർ എയർപോർട്ടിനെ നിഷ്പ്രഭമാക്കാനുള്ള ശ്രമം ശക്തമായ പ്രതിഷേധത്തിലൂടെ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയുടെ നേതൃത്വത്തിൽ വെൽഫയർ പാർട്ടി ഇത്തരമൊരു പ്രക്ഷോഭത്തിന് മുതിർന്നത്. ഇത് മറ്റു രാഷ്ട്രീയ സംഘടനകളുടേയും അജണ്ടയാവേണ്ടതുണ്ട്. ഇതുവരെ നിസംഗരായവർ ഇപ്പോൾ പ്രക്ഷോഭ ധാരയിലേക്ക് കടന്നുവരാൻ ഈ പ്രതിഷേധം സഹായകമായിട്ടുണ്ട്.

കേരളത്തിന്‍റെ സന്പദ് വ്യവസ്ഥക്ക് കനത്ത സംഭാവനകൾ നൽകുന്ന പ്രവാസികളെ ദുരിതത്തിലാഴ്ത്തുകയും ഹാജിമാരെ പ്രയാസപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പിന്നിലെ ഗൂഡലക്ഷ്യം പ്രവാസി സമൂഹം തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു.

കരിപ്പൂർ എയർപോർട്ടിന്‍റെ ചിറകരിയുന്നതിനെതിരെയുളള പ്രതിഷേധത്തിന്‍റെ തുടർച്ചയായി പ്രവാസി സാംസ്കാരികവേദി ജിദ്ദയിൽ ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഴുവൻ പ്രവാസികളും ഈ ഉദ്യമവുമായി സഹകരിച്ചുകൊണ്ട് മുഴുവൻ പ്രവാസികളും ഒന്നിക്കുവാൻ ജിദ്ദ സെന്‍റർ കമ്മിറ്റി പ്രസിഡന്‍റ് ശ്യാം ഗോവിന്ദും ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങലും പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ