സമൂഹത്തിന്‍റെ പുരോഗതിയിൽ വിദ്യാഭ്യാസത്തിന് മുഖ്യപങ്ക്: ഡോ. ബഹായുദ്ദീൻ നദ് വി
Thursday, February 23, 2017 10:20 AM IST
റിയാദ്: സമൂഹത്തിന്‍റെ പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യഘടകമാണെന്നും വിദ്യ അഭ്യസിക്കാത്ത ജനത ലക്ഷ്യം കാണില്ലെന്നും ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വി. ദാറുൽ ഹുദാ റിയാദ് കമ്മിറ്റിയും ഹാദിയ റിയാദ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ചെറുശേരി സൈനുദ്ദീൻ മുല് ലിയാർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബഹായുദ്ദീൻ നദ്വി.

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസിലുൾക്കൊണ്ട വ്യക്തിയായിരുന്നു സൈനുൽ ഉലമ ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ. തന്‍റെ ജീവിതം തന്നെ അദ്ദേഹം വിദ്യാഭ്യാസത്തിനും ദീനീ പ്രബോധത്തിനും നീക്കിവച്ചു.

മത വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സൈനുദ്ദീൻ മുസ് ലിയാർ സമൂഹത്തിന് വഴികാട്ടിയായിരുന്നു. ദീർഘകാലം സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ വളർച്ചയിലും ഉയർച്ചയിലും മുഖ്യ പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.

ആസാം, പശ്ചിമ ബംഗാൾ, കർണാട, മുംബൈ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ ദാറുൽഹുദാക്ക് ഇപ്പോൾ ഓഫ് കാന്പസുകളുണ്ട്. മണിപ്പൂരിലും യുപിയിലുമടക്കം ഏതാനും സംസ്ഥാനങ്ങളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങാനുള്ള നീക്കം നടന്നുവരുന്നു. സൗജന്യ താമസ, ഭക്ഷണ, വിദ്യാഭ്യാസമാണ് പഠിതാക്കൾക്ക് ഇവിടെ ഒരുക്കിക്കൊടുക്കുന്നത്. അതോടൊപ്പം അവിടങ്ങളിൽ മദ്രസകളും പള്ളികളും സ്ഥാപിച്ച് അവരിൽ മതബോധം വളർത്താനും കൂട്ടായ ശ്രമം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. അബുബക്കർ ഫൈസി ചെങ്ങമനാട് പ്രാർഥനക്ക് നേതൃത്വം നൽകി. ദാറുൽ ഹുദാ റിയാദ് കമ്മിറ്റി ജനറൽ സെക്രട്ടറി തെന്നല മൊയ്തീൻ കുട്ടി, എം. മൊയ്തീൻ കോയ, അബ്ദുള്ള വല്ലാഞ്ചിറ, മാള മുഹ്യുദ്ദീൻ, മുഹമ്മദ് വേങ്ങര, സത്താർ കായംകുളം, സുലൈമാൻ ഉൗരകം, മുബാറക് ഹുദവി എന്നിവർ പ്രസംഗിച്ചു. എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ