ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
Friday, February 24, 2017 7:23 AM IST
കുവൈത്ത്: കുവൈത്ത് ഒൗഖാഫ് ഇസ് ലാമികകാര്യ മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന് ഫർവാനിയയിൽ തുടക്കമായി.

ഇസ് ലാമിന്‍റെ അടിസ്ഥാന ആദർശമായ തൗഹീദിന്‍റെ പ്രബോധനത്തിനും മനുഷ്യ സൗഹാർദത്തിന്‍റെ പ്രചാരണത്തിനും ഇസ് ലാമിക് സെമിനാർ തീർത്തും പ്രസക്തമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കുവൈത്ത് പാർലമെന്‍റ്അംഗം മുഹമ്മദ് ഹായിഫ് അൽ മുതൈരി പ്രസ്താവിച്ചു.

സെമിനാറിന്‍റെ ഭാഗമായി സംഘടിപ്പിച്ച സയൻസ് വിഷ്വൽ ആർക്കേഡ് ചതുർദിന എക്സിബിഷൻ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്‍റെ സന്ദേശമായ ഇസ് ലാമിനെ ശരിയായ സ്രോതസിൽനിന്ന് മനസിലാക്കാൻ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ഇസ് ലാമിക് സെമിനാറും അതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന എക്സിബിഷനും ഉപകാരപ്പെടുമെന്ന് അംബാസഡർ പ്രസ്താവിച്ചു.

ഫെബ്രുവരി 23 മുതൽ 26 വരെ രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഫർവാനിയ ഗാർഡനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സെമി നാറും എക്സിബിഷനും നടക്കുന്നത്.

മനുഷ്യന്‍റെ ജനനം മുതൽ മരണം വരെയുള്ള വിവിധ ഘട്ടങ്ങൾ, മനുഷ്യ സൃഷ്ടിപ്പിന്‍റെ ലക്ഷ്യം, മരണം, മരണാനന്തരം എന്ത്, ദൈവിക സ·ാർഗത്തിന്‍റെ പ്രസക്തി, മുൻകാല സമൂഹങ്ങളുടെ പര്യവസാനം എന്നിങ്ങനെ മനുഷ്യന്‍റെ ചിന്താമണ്ഡലത്തെ തൊട്ടുണർത്തുന്ന വിവിധ വിഷയങ്ങൾ പോസ്റ്ററുകൾ, പ്രസന്േ‍റഷനുകൾ, മോഡലുകൾ, വിഷ്വലുകൾ തുടങ്ങി വിവിധ സങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നു.

"ഇസ് ലാം നിർഭയത്വത്തിന്‍റെ മതം’ എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാറിന്‍റെ കീഴിൽ നടക്കുന്ന എക്സിബിഷനിൽ "പരലോകം സത്യമോ മിഥ്യയോ?’, "ഇസ് ലാം നിർഭയത്വത്തിന്‍റെ മതം’ തുടങ്ങി വിവിധങ്ങളായ പവിലിയനുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്ദുൾലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ടി.പി. അബ്ദുൾ അസീസ്, സെമിനാർ കണ്‍വീനർമാരായ സകീർ കൊയിലാണ്ടി, സുനാഷ് ഷുക്കൂർ, ഹാറൂൻ അബ്ദുൾ അസീസ്, അമീൻ, സ്വാലിഹ് സുബൈർ ഫിറോസ്, ജിഷാദ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ