കുട്ടികളിലെ സ്വഭാവ വ്യതിനാനങ്ങൾ സൂക്ഷ്മായി നിരീക്ഷിക്കണം: അഹമ്മദ് ജാവേദ്
Friday, February 24, 2017 7:40 AM IST
റിയാദ്: കുട്ടികളിലെ പ്രത്യേകിച്ച് കൗമാരപ്രായക്കാരിലെ പെരുമാറ്റ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവർ ഏതെങ്കിലും ലഹരി വസ്തുവിന് അടിമപ്പെട്ടിട്ടുണ്ടോ എന്നു ഏറ്റവും മുന്നേ കണ്ടെത്തുവാൻ രക്ഷിതാക്കൾക്കു മാത്രമെ സാധിക്കൂ എന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അഭിപ്രായപ്പെട്ടു. സുബൈർകുഞ്ഞു ഫൗണ്ടേഷന്‍റെ ലഹരിവിരുദ്ധപരിപാടിയായ റിസയുടെ പരിശീലക പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കത്തിൽ തന്നെ കണ്ടെത്തി നിയന്ത്രിച്ചാൽ കുട്ടികളെ ലഹരിയിൽ നിന്നും അകറ്റിനിർത്തുവാൻ എളുപ്പമാണ്. എന്നാൽ പലപ്പോഴും അവർ അതിന് അടിമപ്പെടുന്നതുവരെ മാതാപിതക്കൾ മനസിലാക്കാതെ പോകുന്നു. ദീർഘകാലം ലഹരി നിയന്ത്രണം ഉൾപ്പെടെ മേഖലകളിൽ പ്രവർത്തിച്ച അനുഭവങ്ങളും അദ്ദേഹം സദസുമായി പങ്കുവച്ചു. കുട്ടികൾ ചീത്തകൂട്ടുകെട്ടുകളിൽ പെടാതെ സ്വയം ശ്രദ്ധിക്കുകയും അകലം പാലിക്കുകയും വേണം. സഹപാഠികളിൽ ഈ ദു:ശീലം കാണ്ടാൽ അരുത് എന്നു പറയണം. ലഹരിക്കെതിരെ വിദ്യാർഥികൾ അവതരിപ്പിച്ച മൂകാഭിനയത്തെ പ്രശംസിക്കവെ ഫലപ്രദമായ ബോധവത്കരണത്തിനായി ഇവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദി നാർകോട്ടിക്-നെബ്രാസ് വിഭാഗം സിഇഒ ഡോ. നിസാർ അൽസാലിഹ് റിസയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും നാർകോട്ടിക് വിഭാഗത്തിന്‍റെ തുടർസഹകരണവും സ്വദേശി വിദ്യാലയങ്ങളിലും പ്രവർത്തിക്കുവാൻ അനുവാദവും വാഗ്ദാനം ചെയ്തു.

റിസ കണ്‍വീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. അബ്ദുൾ അസീസ് ആമുഖ പ്രസംഗം നടത്തി. പ്രോഗ്രം കണ്‍സൾട്ടന്‍റ് ഡോ. ഭരതൻ, സീനിയർ കൗണ്‍സിലർ ഡോ. നസീം അക്തർ ഖുറേഷി എന്നിവർ ലഹരി ഉയർത്തുന്ന വിവിധ പ്രശ്നങ്ങൾ വിശദീകരിച്ചു.

അധ്യാപകനായ സലിം ചാലിയത്തിന്‍റെ ശിക്ഷണത്തിൽ ഒരു സംഘം കുട്ടികൾ അവതരിപ്പിച്ച മുകാഭിനയം ശ്രദ്ധേയമായി. ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണ കാൻവാസിൽ ഒപ്പുവച്ച അംബസഡർ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പോസ്റ്റർ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ ആദ്യമൂന്നു സ്ഥാനങ്ങൾ നേടിയ അബ്ഷാർ അഹമ്മദ്, ലുക്മാൻ, ഷെയ്ക്ക് അബ്ദുൽഹസൻ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷൗകത്ത് പർവേസ്, റാഷിദ്ഖാൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ മീരാ റഹ്മാൻ അവതാരകയായിരുന്നു. റിസ ഭാരവാഹികളായ ഡോ. തന്പി, ഡോ. ജോഷി ജോസഫ്, ജോർജ് കുട്ടി മക്കുളത്ത്, യൂസഫ് കൊടിഞ്ഞി, നാസർ മാഷ്, അലി വെട്ടത്തുർ, ഷിന്‍റൊ മോഹൻ, റഫീക് പന്നിയങ്കര, അബ്ദുൾ റഷീദ്, സനൂപ്, ജുബൈൽ സോണൽ കമ്മിറ്റി ഭാരവാഹികളായ ഷമീർ യൂസഫ്, ലിനാദ്, നോർക്ക കണ്‍സൾട്ടന്‍റ് ഷിഹാബ് കൊട്ടുകാട്, എയർ ഇന്ത്യാ റിയാദ് മാനേജർ കുന്ദൻലാൽ, സൈനുൽ ആബിദ്, ഇബ്രാഹിം സുബഹാൻ, ഡോ. ആഷറഫ് ആലി, ടോണി ജോസഫ് (ജോയി അലുക്കാസ്), സയിദ് മസൂദ് (മുഹൈദിബ് ബുക് സ്റ്റോർ), അസീസ് അമീൻ, സൊറൈൽ ഗഫൂദ്, സുഹൈൽ സിദ്ദിഖി, മുത്തു, മിർഷിദ്, ഷാജിലാൽ, ഷിനു എന്നിവർ പരിപാടികളിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ