സൗദിയിൽ വിദേശികളുടെ എണ്ണം കുറയ്ക്കും
Saturday, February 25, 2017 10:11 AM IST
ദമാം: രാജ്യത്ത് തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറയ്ക്കുമെന്ന് സൗദി തൊഴിൽ മന്ത്രി ഡോ. അലിബിൻ നാസിർ അൽ ഗാഫിസ് പറഞ്ഞു. വിദേശികളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരുകയും സ്വദേശികളെ വിവിധ ജോലികൾക്കു യോഗ്യരാക്കുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വർഷത്തിൽ 2,20,000 സ്വദേശികൾക്ക് പുതിയ തൊഴിൽ കണ്ടെത്തി നൽകുന്നതിനു പദ്ദതി തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2020 ആകുന്പോഴേയ്ക്കും തൊഴിൽ മേഖലയിൽ സ്വദേശികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി സ്വദേശികളായ യുവതി യുവാക്കളെ അനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് യോഗ്യരാക്കുന്നതിനു വിപുലമായ പരിശീലന പരിപാടികൾക്കു രൂപം നൽകിയിട്ടുണ്ട്. എന്നാൽ സ്വകാര്യമേഖലയുമായി കൂടി ആലോചിച്ചു മാത്രമേ ഇത്തരം ഉത്തരവുകൾ ഇറക്കാറുള്ളൂവെന്നും തൊഴിൽ മന്ത്രി അൽ ഗാഫിസ് കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നനതിനു തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സൗദി ചേംബർ ഓഫ് കൊമേഴ്സ് മാനവ വിഭവ ശേഷി വിഭാഗം തലവൻ മൻസൂർ അൽ ഷതവി പറഞ്ഞു. വിദേശികളുടെ എണ്ണം കുറച്ച് കൊണ്ട് വരുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്‍റെ ഉത്തരവുകൾ നടപ്പാക്കുന്നതിനു പൂർണ പിന്തുണ നൽകുമെന്നും മൻസൂർ അൽ ഷതവി പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം