കേളി മലാസ് ഏരിയ സെമിനാർ സംഘടിപ്പിച്ചു
Sunday, February 26, 2017 3:12 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ഒൻപതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മലാസ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘സോഷ്യൽ മീഡിയയും പ്രവാസികളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കേളി കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക വിഭാഗം അംഗവുമായ സതീഷ് ബാബു കോങ്ങാടൻ ഉത്ഘാടനം ചെയ്തു.* സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു.

സ്വതന്ത്രമായി അഭിപ്രായപ്രകടനങ്ങൾ നടത്താനും ഏറ്റവും പുതിയ അറിവുകൾ പങ്കുവെക്കാനുമള്ള ഇടമാണ് സോഷ്യൽ മീഡിയ എങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് അവർ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും കൃത്യമായ ബോധ്യം ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം ജവാദ് പരിയാട്ട് മോഡറേറ്ററായിരുന്നു. ഏറെ കാലികപ്രസക്‌തിയുള്ള വിഷയത്തിൽ സാംസ്കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിൾി പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉമ്മർകുട്ടി കാളികാവ്,* സെബിൻ ഇഖ്ബാൽ, കേളി സൈബർ വിംഗ് ചെയർമാൻ സിജിൻ കൂവള്ളുർ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഉമ്മർ, ഏരിയ പ്രസിഡന്റ് കൃഷ്ണൻ കരിവെള്ളുർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതവും പ്രകാശൻ മൊറാഴ നന്ദിയും പറഞ്ഞു. മലാസ് ഏരിയയിലെ വിവിധ യുണിറ്റുകളിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു.