സ്വപ്നം പൂവണിഞ്ഞു, ഷാഫിയും സാലിയും ആത്മനിർവൃതിയിൽ
Monday, February 27, 2017 7:19 AM IST
മക്ക: പരിശുദ്ധ ഉംറ കർമത്തിനായി പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റിയിലെ സെപ്ഷൽ സ്കുൾ വിദ്യാർഥികളായ ഷാഫിയും സാലിയും കഴിഞ്ഞ ദിവസം വിശുദ്ധ മക്കയിലെത്തി. ശനിയാഴ്ച വൈകുന്നേരം മക്കയിലെത്തിയ ഇവർ രാത്രി രണ്ടു മണിയോടെ ആദ്യ ഉംറ പൂർത്തീകരിച്ചു.

മിസ്ഫലയിലെ സൈഫുത്വൈബ ഹോട്ടലിൽ താമസിക്കുന്ന ഇവർ പതിറ്റാണ്ടു കാലം മനസിൽ കാത്ത് സൂക്ഷിച്ച സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ആനന്ദത്തിലാണ് മാനസിക ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന ഈ ഇരട്ട സഹോദരങ്ങൾ. മസ്ജിദ് ഹറമും കഅ്ബാലയവും അറഫയും മിനയും മറ്റു ചരിത്ര പ്രദേശങ്ങളും അവർക്ക് ആസ്വദിക്കണം. വർഷങ്ങളായി പൊതു പരിപാടികളിൽ ഗാനമാലാപിക്കാനുള്ള അവസരം കിട്ടുന്ന ഇവർക്ക് മക്കയും മദീനയുമാണ് പ്രിയം. പാടി പറഞ്ഞ് ഈ ഭൂമികയിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് ഇവർ.

പൂനൂർ ഹെൽത്ത് കെയറിൽ പത്ത് വർഷത്തോളം വിദ്യാർഥികളായ ഇവർ നിരവധി കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിലാണ് ഉംറക്ക് അവസരം ഒരുങ്ങിയത്. ഹെൽത്ത് കെയർ സൊസൈറ്റി അംഗങ്ങളായ ഹുമൈദ് മങ്ങാടും അജ്നാസും ഇവരെ യാത്രയിൽ അനുഗമിക്കുന്നുണ്ട്.

കാരക്കാട് പറശേരി മണ്ണിൽ അബ്ദുറസാഖിന്‍റെയും സഫിയയുടെയും മക്കളാണ് ഷാഫിയും സാലിയും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ