റിയാദിൽ ലേണ്‍ ദി ഖുർആൻ ദേശീയ സംഗമം ഏപ്രിൽ ഏഴിന്
Monday, February 27, 2017 7:19 AM IST
റിയാദ്: റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സൗദി മതകാര്യവകുപ്പിനു കീഴിലുള്ള കോൾ ആൻഡ് ഗൈഡൻസ് സെന്‍ററുകളുടെ സഹകരണത്തോടെ നടത്തിവരുന്ന ലേണ്‍ ദി ഖുർആൻ പഠിതാക്കളുടെയും സംഘാടകരുടെയും ദേശീയ സംഗമം ഏപ്രിൽ ഏഴിന് (വെള്ളി) നടക്കും.

രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇസ് ലാമിക പണ്ഡിതരും ഒൗദ്യോഗിക പദവികളിലുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ലേണ്‍ ദി ഖുർആൻ പതിനേഴാം ഘട്ട പഠന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പഠിതാക്കളെ സംഗമത്തിൽ ആദരിക്കും. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. രാവിലെ ആരംഭിക്കുന്ന സംഗമത്തിൽ പ്രതിനിധി സംഗമം, ഉദ്ഘാടന സമ്മേളനം, വനിതാ സമ്മേളനം, പ്രാസ്ഥാനിക സംഗമം, വിദ്യാർഥി സമ്മേളനം, നവോഥാന സമ്മേളനം, സമാപന സമ്മേളനം എന്നീ വിവിധ സെഷനുകൾ ഉണ്ടായിരിക്കുമെന്ന് ഇസ് ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ