കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
Monday, February 27, 2017 7:33 AM IST
അബാസിയ: ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 24, 25 തീയതികളിലായി നിലാവ് കുവൈറ്റ് കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

24ന് വഫ്ര എൻഎസ്എച്ചിലും എൻബിറ്റിസിയിലും നടന്ന സെമിനാറുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ സംബന്ധിച്ചു. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളേയും സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം സാമുഹ്യ പ്രവർത്തകർക്ക് നവ്യാനുഭവമായി.

വൈകുന്നേരം നടന്ന കാൻസർ ബോധവത്കരണ സെമിനാർ കുവൈത്ത് ആരോഗ്യ മന്താലയം മീഡിയ വിഭാഗം പ്രതിനിധി ഹബീൽ അൽ ഒൗൻ ഉദ്ഘാടനം ചെയ്തു. നിലാവ് കുവൈത്ത് പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുവനീർ പ്രകാശനം രാജൻ റാവുത്തറിന് നൽകി ജലീബ് പോലീസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുൾ റസാക്ക് അൽ ദുവൈജ് നിർവഹിച്ചു. പ്രമുഖ കാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രധാരയും സെമിനാറിന് നേതൃത്വം നൽകി.

ഇന്ത്യൻ ഡോക്ടർ ഫോറം പ്രസിഡന്‍റ് ഡോ. അഭയ് പട്വാരി, ഡോ.അമീർ അഹമ്മദ്, ഫർവാനിയ ഗവർണറേറ്റ് പ്രതിനിധി ഫഹദ് അൽ ഫാജി , ഇബ്രാഹിം അൽ റിഫായി, നിലാവ് കുവൈത്ത് രക്ഷാധികാരി സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ശരീഫ് താമശേരി, കെ.വി.മുജീബുള്ള എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ