സൗദിയിൽ വീണ്ടും പൊതുമാപ്പ്; മാർച്ച് 27 മുതൽ മൂന്നു മാസത്തേക്ക് രാജ്യം വിടുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തില്ല
Monday, March 20, 2017 12:22 AM IST
റിയാദ്: സൗദി അറേബ്യയിൽ നിയമവിരുദ്ധമായി കഴിയുന്ന വിദേശികൾക്ക് ആശ്വാസമേകിക്കൊണ്ടു വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതൽ 90 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന പൊതുമാപ്പിെൻറ ആനുകൂല്യം നേടി രാജ്യം വിടുന്ന വിദേശികൾക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് നിയമതടസസ്സമുണ്ടായിരിക്കുന്നതല്ല. കിരീടാവകാശിയും രാജ്യത്തെ ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരെൻറ നിർദ്ദേദശാനുസരണം പാസ്പോർട്ട് ഡയറക്ടറേറ്റാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി രാജ്യത്ത് തൊഴിലെടുക്കുകയോ, ഹജ്ജ്, ഉമ്ര, സന്ദർശക വിസകളിൽ സൗദിയിലെത്തി അനധികൃതമായി ഇവിടെ കഴിയുകയോ ചെയ്യുന്ന വിദേശികൾക്ക് പാസ്പോർട്ടും യാത്രാടിക്കറ്റുമായി രാജ്യാതിർത്തികളിലോ എയർപോർട്ടുകളിലോ ഉള്ള എമിഗ്രേഷൻ അധികൃതരെ സമീപിച്ചാൽ ഉപാധികളില്ലാതെ എക്സിറ്റ് വിസ അനുവദിച്ച് നൽകുന്നതാണ്. വിരലടയാളവും കണ്ണും പരിശോധിച്ച ശേഷം ക്രിമിനൽ കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളല്ല എന്നുറപ്പ് വരുത്തിയതിനു ശേഷമായിരിക്കും എക്സിറ്റ് വിസ നൽകുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും ഇതു രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാബല്യത്തിൽ വരുമെന്നും ജവാസാത്ത് അധികൃതർ പറഞ്ഞു.

രാജ്യത്തെ മുഴുവൻ വിദേശികളേയും നിയമവിധേയമാക്കുക എന്ന ലക്ഷ്യം ഇതോടെ ഏറെക്കുറെ നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജവാസാത്ത് അധികൃതർ പറഞ്ഞു. അവസാനമായി 2003 ലാണ് രാജ്യത്ത് പൊതുമാപ്പും തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനുള്ള ഉളവുകളും പ്രഖ്യാപിക്കപ്പെട്ടത്. ഇതിെൻറ പ്രയോജനം ലക്ഷക്കണക്കിന് വിദേശികൾ പ്രയോജനപ്പെടുത്തിയിരുന്നു. ഒന്നര ലക്ഷത്തിലേറെ ഇന്ത്യക്കാരും 5 ലക്ഷത്തിലധികം യമൻ പൗരൻമാരും ഈ കാലയളവിൽ സൗദിയിൽ പദവികൾ നിയമാനുസൃതമാക്കുകയോ സ്വദേശത്തേക്ക് തിരിച്ചു പോവുകയോ ചെയ്തിരുന്നു.

ഇത്തവണയും വിവിധ രാജ്യക്കാരായ വിദേശികൾ കൂട്ടമായി രാജ്യം വിടാൻ തയ്യാറായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിെൻറ പ്രയോജനം മുഴവൻ നിയമലംഘകരും ഉപയോഗപ്പെടുത്തണമെന്നും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ ജിദ്ദയിൽ പറഞ്ഞു.

പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ രാജ്യം വിടാനെത്തുന്നവർക്കായി രാജ്യത്തെ എല്ലാ അന്താരാഷ്ട്ര എയർപോർട്ടുകളിലും കരാതിർത്തി ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും പ്രത്യേക സംവിധാനങ്ങളൊരുക്കും. ഇഖാമയുള്ളവരും തൊഴിൽവിസയിൽ രാജ്യത്ത് എത്തിയവരും സ്പോണ്‍സർമാർ ഹുറൂബാക്കിയവരും വിവിധ അതിർത്തികൾ വഴി നുഴഞ്ഞുകയറിയവരും രാജ്യം വിടാനുള്ള നടപടികൾ പൂർത്തിയാക്കാൻ അതത് പ്രവിശ്യകളിലെ പാസ്പോർട്ട് ഡയറക്ടറേറ്റുകൾക്ക് കീഴിലെ എമിഗ്രേഷൻ വിഭാഗത്തെയാണ് സമീപിക്കേണ്ടത്. ഇവർക്ക് പുതിയ വിസയിൽ നിയമാനുസൃതം തിരിച്ചു വരാവുന്നതാണ്.

പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ശക്തമായ റെയ്ഡുകളുണ്ടായിരിക്കുമെന്നും പിടികൂടിയാൽ കനത്തശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ജവാസാത്ത് വിഭാഗം ഓർമ്മിപ്പിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ