മലയാളി യുവാവിന്‍റെ ജയിൽ മോചനത്തിന് സാമൂഹ്യ പ്രവർത്തകർ രംഗത്ത്
Monday, March 20, 2017 7:08 AM IST
ജിദ്ദ: സ്പോണ്‍സറുമായുള്ള സാന്പത്തിക ഇടപാടിന്‍റെ പേരിൽ ജയിലിൽ കഴിയുന്ന മലയാളി യുവാവിന്‍റെ മോചനത്തിന് സാമൂഹ്യ പ്രവർത്തകർ രംഗത്ത്. കൊണ്ടോട്ടി സ്വദേശിയായ ഈ യുവാവ് ഹൃദയസംബന്ധമായ ഗുരുതരമായ അസുഖത്തിന് ജയിലിലും ചികിത്സയിലാണ്. കുടുംബ നാഥൻ ജയിലിലായതോടെ ജിദ്ദയിലുള്ള ഭാര്യയും കുട്ടികളും കടുത്ത പ്രയാസത്തിലുമാണ്. ഇദ്ദേഹത്തെ കേസിൽനിന്ന് രക്ഷപെടുത്താനും കുടുംബത്തെ നാട്ടിലെത്തിക്കാനും ഒരു ലക്ഷത്തോളം റിയാൽ ആവശ്യമാണ്. ഇതോടെയാണ് മലയാളി സാമൂഹ്യ പ്രവർത്തകർ രംഗത്തിറങ്ങാൻ തീരുമാനിച്ചത്.

ശറഫിയ സഹാറ ഓഡിറ്റോറിയത്തിൽ കൂടിയ സാമൂഹ്യ പ്രവർത്തകരുടെ യോഗത്തിൽ കെ.ടി. അബ്ദുൾ ഹഖ് 0593888833, കണ്‍വീനറും അബ്ദുറഹിമാൻ വണ്ടൂർ 0503676122 ഫിനാൻസ് കോഓർഡിനേറ്ററുമായി കമ്മിറ്റി രൂപീകരിച്ചു. ജിദ്ദയിലെ മുഴുവൻ മലയാളി സംഘടന നേതാക്കളെയും പങ്കെടുപ്പിച്ച് 27ന് രാത്രി ഒന്പതിന് ശറഫിയ ഇന്പാല ഗാർഡനിൽ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. സി.കെ ഷാക്കിർ, കെ.ടി. അബ്ദുൾ ഹഖ്, അബ്ദുറഹിമാൻ വണ്ടൂർ, ശരീഫ് അറക്കൽ, ഇസ്മായിൽ കല്ലായി, കൊന്പൻ മൂസ, നാസർ ചാവക്കാട്, ജലീൽ കണ്ണമംഗലം, ഹംസ കൊണ്ടോട്ടി, മഹ്ബൂബ് അലി, റഹീം ഒതുക്കുങ്ങൽ, സിദ്ദീഖ്, അബ്ദുൾ കരീം, ഫിറോസ് മുഴുപ്പിലങ്ങാട്, നൗഷാദ്, സുബൈർ പട്ടാന്പി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ