കെഫാക് അന്തർജില്ലാ ഫുട്ബോൾ: കെഡിഎൻഎ കോഴിക്കോട്, ട്രാസ്ക് തൃശൂർ സെമിയിൽ
Tuesday, March 21, 2017 6:15 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ചു നടത്തി വരുന്ന കെഫാക് അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ കെഡിഎൻഎ കോഴിക്കോടും ട്രാസ്ക് തൃശൂരും സെമിയിൽ കടന്നു.

സബാഹിയ പബ്ലിക് അതോറിറ്റി ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഫോക് കണ്ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് തൃശൂർ സെമിയിലെത്തിയത്. രണ്ടാം പകുതിയിൽ ഷഫീഖ് ആണ് തൃശൂരിനുവേണ്ടി ഗോൾ നേടിയത്.

രണ്ടാം മത്സരത്തിൽ നിലവിലെ ചാപ്യ·ാരായ ഫ്രണ്ട് ലൈൻ മലപ്പുറത്തെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കു പരാജയപ്പെടുത്തി കെഡിഎൻഎ കോഴിക്കോട് സെമിയിലേക്ക് കടന്നു. കോഴിക്കോടിനുവേണ്ടി ശ്യാം, ജാരിസ് എന്നിവർ ഗോളുകൾ നേടി.

ഗ്രൂപ്പ് ബിയിൽ നടന്ന മറ്റു മത്സരങ്ങളിൽ കാസർഗോഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പൽപക് പാലക്കാട് പരാജയപ്പെടുത്തി. പാലക്കാടിനുവേണ്ടി ജിനീഷ് രണ്ടു ഗോളും ജാസിം, ശരത് എന്നിവർ ഓരോ ഗോളും വീതം നേടി. കാസർഗോഡിന് വേണ്ടി അനീഷ്, റഹീം എന്നിവർ ആശ്വാസ ഗോളുകൾ നേടി . അവസാന മത്സരത്തിൽ ഇഡിഎഫ്എഫ്എ എറണാകുളവും തിരുവനന്തപുരവും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായി ശ്യാം (കോഴിക്കോട്) റംഷീദ് (തൃശൂർ) ജിനീഷ് (പാലക്കാട്) ഹരി (എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ