ജെടിപി കോഴ്സ്: ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കി
Wednesday, March 22, 2017 5:37 AM IST
റിയാദ്: മാധ്യമ പ്രവർത്തനം സാമൂഹിക ന·ക്കുതകണമെന്നും അത് സാധ്യമാകണമെങ്കിൽ മികച്ച പരിശീലനം ആവശ്യമാണെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വി.നാരായണൻ. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ആരംഭിച്ച ജേർണലിസം ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ആദ്യബാച്ചിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വലിയ ഉത്തരവാദിത്വമാണ് മാധ്യമപ്രവർത്തകർക്ക് നിറവേറ്റാനുള്ളതെന്നും തന്‍റെ വാർത്ത ആദ്യം ജനങ്ങളിലെത്തിക്കാനുള്ള വ്യഗ്രതയിൽ അബദ്ധങ്ങൾ സംഭവിക്കുന്നത് പരിശീലനക്കുറവുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പരിശീലനക്കളരികൾ മികച്ച പത്രപ്രവർത്തകരെ കണ്ടെത്താനുപകരിക്കുമെന്നും നാരായണൻ പറഞ്ഞു.

സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരടങ്ങിയ 30 പേരാണ് ആദ്യ ബാച്ചിൽ അഞ്ചു മാസം നീണ്ടുനിന്ന പഠനം പൂർത്തിയാക്കിയത്. പ്രമുഖ മാധ്യമപ്രവർത്തകരായ എം.വി. നികേഷ് കുമാർ, സി.കെ. ഹസൻകോയ എന്നിവർ നയിച്ച ശില്പശാല, മാധ്യമധർമം എന്ന വിഷയത്തിൽ ഷക്കീബ് കൊളക്കാടൻ നയിച്ച സെമിനാർ എന്നിവ കോഴ്സിന്‍റെ ഭാഗമായി നടന്നു. പരീക്ഷയിൽ 86 ശതമാനം മാർക്ക് നേടി അഫ്നാർ അബാസ് ഒന്നാം റാങ്ക് നേടി. കോഴ്സ് പൂർത്തിയാക്കിവർ തയാറാക്കിയ മൂന്ന് ന്യൂസ് ബുള്ളറ്റിനുകളും ഒരു ടോക്ഷോയും സമാപന സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

സാംസ്കാരിക സമ്മേളനം രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരവും വി.നാരായണൻ, ഷിഹാബ് കൊട്ടുകാട്, അഹമ്മദ് ഷരീഫ്, അഷ്റഫ് വടക്കേവിള എന്നിവർ സമ്മാനിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസെടുത്ത അബ്ദുറസാഖ്, കനേഷ്, ബേബി കുര്യാച്ചൻ, റാഷിദ് ഖാൻ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു. പഠിതാക്കളുടെ കലാപരിപാടികളും പ്രമുഖ ഗായകൻ ജംഷീർ കൈനിക്കര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഷംനാദ് കരുനാഗപ്പള്ളി, നജിം കൊച്ചുകലുങ്ക്, ഷാജിലാൽ, ഉബൈദ് എടവണ്ണ, ഷക്കീബ്, ബഷീർ പാങ്ങോട്, സലൈമാൻ ഉൗരകം, വി.ജെ. നസറുദ്ദീൻ, റഷീദ് ഖാസിമി എന്നിവർ പ്രസംഗിച്ചു. കെ.സി.എം അബ്ദുള്ള, ജലീൽ ആലപ്പുഴ, ഗഫൂർ മാവൂർ, ഷഫീഖ് കിനാലൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.